കൊച്ചി: ജലാശയങ്ങൾക്ക് ഭീഷണിയായ കുളവാഴയിൽ നിന്നും വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഇന്ധനമായ ‘ബയോമാസ് ബ്രിക്കറ്റുകൾ’ (Biomass Briquettes) നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് എറണാകുളം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു (Water Hyacinth Fuel Kerala). ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷനാണ് കളക്ടർ പ്രിയങ്ക ജി.യുടെ നിർദ്ദേശാനുസരണം ഈ പഠനം നടത്തിയത്.
ജൈവ മാലിന്യങ്ങൾ കംപ്രസ് ചെയ്ത് നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനമാണിത്. കുളവാഴയിൽ നിന്ന് നിർമ്മിക്കുന്ന ഇത്തരം ബ്രിക്കറ്റുകൾക്ക് വ്യാവസായിക മേഖലയിൽ വലിയ സ്വീകാര്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. മുൻ അംബാസഡർ പ്രൊഫ. വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്റെ പൈലറ്റ് പ്രോഗ്രാം ഉടൻ ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു.
കുളവാഴയിലെ ഉയർന്ന ജലാംശം കാരണം ഇവയുടെ ഗതാഗതം ദുഷ്കരമാകുന്നതാണ് പ്രധാന വെല്ലുവിളി. കൃത്യമായ നിക്ഷേപത്തിലൂടെയും ഏകോപനത്തിലൂടെയും സപ്ലൈ ചെയിൻ ശാക്തീകരിച്ചാൽ ഇത് പരിഹരിക്കാനാകും. കുളവാഴയിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 120 പേർക്ക് പരിശീലനം നൽകുന്ന പദ്ധതിയും ഉടൻ ആരംഭിക്കും.
കുളവാഴ നിർമ്മാർജ്ജനത്തിനൊപ്പം തൊഴിലവസരങ്ങളും പരിസ്ഥിതി സൗഹൃദ ഇന്ധനവും ലക്ഷ്യമിട്ടാണ് ഫ്യൂച്ചർ കേരള മിഷൻ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
News Summary: The Future Kerala Mission of Jain University has submitted a study report to Ernakulam District Collector Priyanka G. on producing biomass briquettes—an eco-friendly industrial fuel—from water hyacinths. Led by Prof. Venu Rajamony, the study highlights the high commercial potential of these briquettes due to the abundant availability of raw materials. While the high water content in hyacinths poses a logistics challenge, the report suggests overcoming this through strategic investment in the supply chain. A pilot project for this innovative energy solution is set to launch soon.

