HomeFIFA World Cup 2026കനൽവഴി താണ്ടി മെസിയും സംഘവും ഫൈനലിൽ: ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന കിരീടത്തിനരികെ,...

കനൽവഴി താണ്ടി മെസിയും സംഘവും ഫൈനലിൽ: ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന കിരീടത്തിനരികെ, അവസാന മിനിട്ടിലെ തിരിച്ചുവരവ് | Argentina Beats England

അറ്റ്‌ലാന്റ: തുടർച്ചയായ രണ്ടാം ലോകകിരീടം എന്ന അത്യപൂർവ്വ നേട്ടത്തിലേക്ക് സൂപ്പർ താരം ലയണൽ മെസിക്ക് ഇനി ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രം. അറ്റ്‌ലാന്റയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കലാശപ്പോരിന് യോഗ്യത നേടിയത്. ചരിത്രപ്രസിദ്ധമായ ‘ദൈവത്തിന്റെ കൈ’ ഗോളിന് പ്രതികാരം വീട്ടാനിറങ്ങിയ ഇംഗ്ലണ്ടിന് ഇത്തവണയും കണ്ണീരോടെ മടങ്ങേണ്ടി വന്നു. വരാനിരിക്കുന്ന ആവേശ ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ.(Argentina Beats England To Enter World Cup Final)

തോൽവിയറിയാതെയുള്ള കുതിപ്പാണ് ഈ ലോകകപ്പിൽ അർജന്റീനയുടേത്. ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയ (3-0), ഓസ്ട്രിയ (2-0), ജോർദാൻ (3-1) എന്നീ ടീമുകളെ അനായാസം മറികടന്നായിരുന്നു മെസിപ്പടയുടെ മുന്നേറ്റം. തുടർന്ന് റൗണ്ട് ഓഫ് 32ൽ കേപ്പ് വെർഡെയ്‌ക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് അവർ വിജയം പിടിച്ചെടുത്തത്. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും, ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കും തകർത്ത് സെമിയിലെത്തിയ അർജന്റീനയ്ക്ക് ഇംഗ്ലണ്ടും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.

ആദ്യപകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിന് മുൻഗണന നൽകിയതോടെ മത്സരത്തിൽ ഗോളുകളൊന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. മോർഗൻ റോജസ് നൽകിയ മികച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ ഗോർഡൻ അർജന്റീനൻ ഗോൾകീപ്പർ എമി മാർട്ടിനെസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു. ഗോൾ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ടിനെയാണ് പിന്നീട് കണ്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഉൾപ്പെടെയുള്ളവർ പ്രതിരോധക്കോട്ട തീർത്തപ്പോൾ അർജന്റീനയുടെ പല മുന്നേറ്റങ്ങളും പരാജയപ്പെട്ടു. ഗോലുറച്ച രണ്ട് അവസരങ്ങൾ ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ക്‌ഫോർഡ് തട്ടിയകറ്റുകയും ചെയ്തു.

എന്നാൽ 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. മെസ്സിയെടുത്ത കോർണർ കിക്ക് ഇംഗ്ലണ്ട് പ്രതിരോധം തട്ടിയകറ്റിയെങ്കിലും, റീബൗണ്ടായി വന്ന പന്ത് ബോക്സിന് പുറത്തുനിന്നും ഒരു കിടിലൻ ലോങ് റേഞ്ചറിലൂടെ എൻസോ വലയിലെത്തിക്കുകയായിരുന്നു. സമനില വഴങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധം തകർന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലയണൽ മെസിയുടെ മനോഹരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടീനസ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കി.

Story Summary

Argentina secured a spot in the World Cup final by defeating England 2-1 in a thrilling semifinal match where they made a dramatic comeback in the final minutes. Lionel Messi is now just one win away from clinching a historic second consecutive World Cup title. Argentina will face Spain in the highly anticipated final match.

Clickable Info Box