കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായ നേട്ടത്തോടെയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. മന്ത്രിസ്ഥാനം വഹിക്കാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലെത്തുന്ന നേതാവെന്ന സവിശേഷത ഇനി സതീശന് സ്വന്തം. മുതിർന്ന നേതാക്കളെ മറികടന്ന് ഹൈക്കമാൻഡ് സതീശനെ തിരഞ്ഞെടുത്തതിന് പിന്നിൽ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയോടുള്ള ജനങ്ങളുടെയും പ്രവർത്തകരുടെയും വലിയ പിന്തുണയാണ്.(VD Satheesan Becomes Kerala CM Directly From Opposition Bench)
2021-ൽ വെറും 21 അംഗങ്ങളുമായി തകർന്നുനിന്ന കോൺഗ്രസിനെ അഞ്ച് വർഷം കൊണ്ട് 63 സീറ്റുകളിലേക്കും, യുഡിഎഫിനെ 102 എന്ന ചരിത്ര ഭൂരിപക്ഷത്തിലേക്കും നയിച്ചതാണ് സതീശന്റെ ഏറ്റവും വലിയ വിജയം. ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയുള്ള സതീശന്റെ പോരാട്ടവീര്യം ‘സതീശനിസം’ എന്ന പേരിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു. നിയമസഭയ്ക്കകത്തും പുറത്തും കൃത്യമായ പഠനങ്ങളിലൂടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി പൊതുജന സ്വീകാര്യത വർദ്ധിപ്പിച്ചു.
സതീശൻ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. എംജി സർവകലാശാല യൂണിയൻ ചെയർമാൻ, എൻഎസ്‌യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1996-ലെ കന്നിയങ്കത്തിൽ പരാജയപ്പെട്ടെങ്കിലും 2001 മുതൽ 2026 വരെ തുടർച്ചയായി ആറ് തവണ പറവൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമസഭയിലെത്തി. തേവര സേക്രഡ് ഹാർട്ട് കോളേജിലെ പഠനത്തിന് ശേഷം നിയമ ബിരുദം കരസ്ഥമാക്കി. വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയുടെയും മകനാണ്. കേരളത്തിന്റെ വികസനത്തിനും മതേതരത്വത്തിനും സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കരുത്തേകുമെന്നാണ് കോൺഗ്രസ് അണികളുടെ പ്രതീക്ഷ. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രവർത്തകർ സംസ്ഥാനത്തുടനീളം ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Story Summary
V.D. Satheesan’s journey to the Chief Minister’s office is marked by his historic feat of moving directly from Opposition Leader to CM without ever serving as a Minister. His strategic leadership, often termed ‘Satheesanism,’ transformed a struggling UDF into a powerhouse with 102 seats in the 2026 elections, earning him the High Command’s trust over senior leaders.

