തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിച്ചു. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷി എന്നിവരാണ് സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.(VD Satheesan Selected As Kerala Chief Minister)
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിക്കുന്നതിൽ സതീശൻ വഹിച്ച പങ്കും, എംഎൽഎമാർക്കിടയിലെ പിന്തുണയും കണക്കിലെടുത്താണ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ അന്തിമ തീരുമാനമെടുത്തത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ നിലനിന്നിരുന്ന വിവിധ ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഈ പ്രഖ്യാപനത്തോടെ അവസാനമായി. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചതോടെ സർക്കാർ രൂപീകരണ നടപടികൾ യുഡിഎഫ് വേഗത്തിലാക്കും. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ സതീശനെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കെ.സി. വേണുഗോപാൽ നടത്തിയ ഒന്നര മണിക്കൂർ നീണ്ട ചർച്ചയിലാണ് സതീശന്റെ കാര്യത്തിൽ അന്തിമ തീരുമാനമായത്. തീരുമാനം രാഹുൽ ഗാന്ധി നേരിട്ട് കെ.സി. വേണുഗോപാലിനെ അറിയിച്ചു. പിന്നാലെ രമേശ് ചെന്നിത്തലയെയും രാഹുൽ ഫോണിൽ വിളിച്ചു സംസാരിച്ചു.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വരുന്ന ഞായറാഴ്ച നടക്കാനാണ് സാധ്യത. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ തന്റെ വസതിയിലുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിച്ചതോടെ സർക്കാർ രൂപീകരണ നടപടികളിലേക്ക് യുഡിഎഫ് കടക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ ഔദ്യോഗികമായ കീഴ്വഴക്കങ്ങൾ പൂർത്തിയാക്കി ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായ നേട്ടത്തോടെയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. മന്ത്രിസ്ഥാനം വഹിക്കാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലെത്തുന്ന നേതാവെന്ന സവിശേഷത ഇനി സതീശന് സ്വന്തം. മുതിർന്ന നേതാക്കളെ മറികടന്ന് ഹൈക്കമാൻഡ് സതീശനെ തിരഞ്ഞെടുത്തതിന് പിന്നിൽ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയോടുള്ള ജനങ്ങളുടെയും പ്രവർത്തകരുടെയും വലിയ പിന്തുണയാണ്. 2021-ൽ വെറും 21 അംഗങ്ങളുമായി തകർന്നുനിന്ന കോൺഗ്രസിനെ അഞ്ച് വർഷം കൊണ്ട് 63 സീറ്റുകളിലേക്കും, യുഡിഎഫിനെ 102 എന്ന ചരിത്ര ഭൂരിപക്ഷത്തിലേക്കും നയിച്ചതാണ് സതീശന്റെ ഏറ്റവും വലിയ വിജയം. ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയുള്ള സതീശന്റെ പോരാട്ടവീര്യം ‘സതീശനിസം’ എന്ന പേരിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു. നിയമസഭയ്ക്കകത്തും പുറത്തും കൃത്യമായ പഠനങ്ങളിലൂടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി പൊതുജന സ്വീകാര്യത വർദ്ധിപ്പിച്ചു.
സതീശൻ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. എംജി സർവകലാശാല യൂണിയൻ ചെയർമാൻ, എൻഎസ്‌യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1996-ലെ കന്നിയങ്കത്തിൽ പരാജയപ്പെട്ടെങ്കിലും 2001 മുതൽ 2026 വരെ തുടർച്ചയായി ആറ് തവണ പറവൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമസഭയിലെത്തി. തേവര സേക്രഡ് ഹാർട്ട് കോളേജിലെ പഠനത്തിന് ശേഷം നിയമ ബിരുദം കരസ്ഥമാക്കി. വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയുടെയും മകനാണ്. കേരളത്തിന്റെ വികസനത്തിനും മതേതരത്വത്തിനും സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കരുത്തേകുമെന്നാണ് കോൺഗ്രസ് അണികളുടെ പ്രതീക്ഷ. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രവർത്തകർ സംസ്ഥാനത്തുടനീളം ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Story Summary
V.D. Satheesan has been chosen as the new Chief Minister of Kerala by the Congress High Command, with an official announcement expected shortly. Following intensive discussions in New Delhi involving Rahul Gandhi and K.C. Venugopal, the decision was finalized, and the swearing-in ceremony is likely to take place this Sunday.

