ന്യൂഡൽഹി: പാചകവാതക സബ്‌സിഡി അർഹരായവരിലേക്ക് മാത്രം എത്തിക്കുന്നതിന്റെ ഭാഗമായി ആദായനികുതി രേഖകൾ പരിശോധിച്ച് നടപടി തുടങ്ങി. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് മാനദണ്ഡം ലംഘിച്ച് സബ്‌സിഡി വാങ്ങുന്നവരെ കണ്ടെത്തുന്നത്. ഉപഭോക്താവിനോ പങ്കാളിക്കോ പ്രതിവർഷം 10 ലക്ഷം രൂപയിലധികം നികുതി വിധേയമായ വരുമാനമുണ്ടെങ്കിൽ സബ്‌സിഡിക്ക് അർഹതയുണ്ടാവില്ല.(LPG Subsidy Rules, Central Government Tightens Rules Using Income Tax Records)
നേരത്തെ സബ്‌സിഡി വേണ്ടെന്ന് വെക്കാൻ ഉപഭോക്താക്കൾക്ക് സ്വയം തീരുമാനിക്കാമായിരുന്നുവെങ്കിൽ, ഇപ്പോൾ എണ്ണക്കമ്പനികൾ നേരിട്ടാണ് വരുമാന രേഖകൾ ഒത്തുനോക്കുന്നത്. വരുമാന പരിധി കടന്നവർക്ക് ലഭിച്ച നോട്ടിസിന് 7 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ സബ്‌സിഡി സ്ഥിരമായി നിർത്തലാക്കും. 2015-ൽ കൊണ്ടുവന്ന നിയമപ്രകാരം 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ സബ്‌സിഡിക്ക് അർഹരല്ല. ഉജ്ജ്വല യോജന ഉൾപ്പെടെയുള്ള പദ്ധതികളുടെ ആനുകൂല്യം പാവപ്പെട്ടവർക്ക് ഉറപ്പാക്കാനാണ് ഈ നീക്കം.
വരുമാന പരിധിക്ക് താഴെയായിട്ടും നോട്ടിസ് ലഭിച്ചവർക്ക് 1800-2333-555 എന്ന ടോൾ ഫ്രീ നമ്പരിലോ അതത് കമ്പനികളുടെ വെബ്സൈറ്റിലോ പരാതി നൽകാം. ആദായനികുതി റിട്ടേണിലെ ‘ഗ്രോസ് ടാക്സബിൾ ഇൻകം’ ആണ് അർഹത നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം. സിലിണ്ടർ വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ‘ഡെലിവറി ഓതന്റിക്കേഷൻ കോഡ്’ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പേരിൽ വ്യാപകമായ സൈബർ തട്ടിപ്പുകൾ നടക്കുന്നതായി എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.
വാട്സാപ്പ് വഴിയോ ലിങ്കുകൾ വഴിയോ വരുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുത്. സിലിണ്ടർ വീട്ടുപടിക്കൽ എത്തുമ്പോൾ മാത്രം വിതരണക്കാരന് ഡിഎസി (DAC) കോഡ് കൈമാറുക. ഔദ്യോഗിക ഐഡികളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ മാത്രം വിശ്വസിക്കുക. ഫോൺ കോളിലൂടെയോ അജ്ഞാത ലിങ്കുകളിലൂടെയോ ലഭിക്കുന്ന ഒടിപികൾ ആരുമായും പങ്കുവെക്കരുത്.
Story Summary
The central government is strictly enforcing LPG subsidy eligibility by matching customer details with Income Tax records. Households with an annual income exceeding ₹10 lakh are being identified and issued warnings to discontinue their subsidy, alongside alerts regarding rising OTP-related delivery scams.

