റാഞ്ചി: പണത്തോടുള്ള ആർത്തിയും സുഖജീവിതത്തിനായുള്ള മോഹവും കാരണം സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കൗമാരക്കാരി പിടിയിൽ (Ranchi Daughter Kills Mother). ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന സംഭവത്തിൽ നഹിദ പർവീൺ (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 17 വയസ്സുള്ള വളർത്തുമകളും കാമുകൻ അർബാസ് ഖാനും (20) ഉൾപ്പെടെ അഞ്ചുപേർ ചേർന്നാണ് ഈ കൊടുംക്രൂരത നടത്തിയത്.
നഹിദയുടെ മരിച്ച ഭർത്താവ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ ജീവനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ലഭിച്ച 45 ലക്ഷം രൂപയുടെ നോമിനി മകളായിരുന്നു. ഈ പണം കൈക്കലാക്കി ആഡംബര ജീവിതം നയിക്കുക എന്നതായിരുന്നു മകളുടെ ലക്ഷ്യം. പിതാവിന്റെ മരണശേഷം ലഭിക്കുമായിരുന്ന ആശ്രിത നിയമനത്തിനായുള്ള ജോലിയും വസ്തുവകകളും തട്ടിയെടുക്കുക എന്നതും ലക്ഷ്യമായിരുന്നു. മകൾ നിരന്തരം ബാങ്കിൽ നിന്ന് പണം പിൻവലിച്ച് കാമുകന് നൽകുന്നത് ശ്രദ്ധയിൽപ്പെട്ട നഹിദ ഇത് തടഞ്ഞതാണ് കൊലപാതകത്തിന് പെട്ടെന്നുള്ള കാരണമായത്.
ഏപ്രിൽ 24-ന് രാത്രി നഹിദ ഉറങ്ങിക്കിടക്കുമ്പോഴാണ് മകളും കാമുകനും സുഹൃത്തുക്കളും ചേർന്ന് കൃത്യം നടത്തിയത്. തലയണ ഉപയോഗിച്ച് മുഖം അമർത്തി ശ്വാസം മുട്ടിച്ചും കഴുത്തിൽ മാരകമായി മുറിവേൽപ്പിച്ചും ആണ് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിനായി കാമുകന്റെ സുഹൃത്തുക്കൾക്ക് 12 ലക്ഷം രൂപയാണ് പെൺകുട്ടി വാഗ്ദാനം ചെയ്തത്. കൊലയ്ക്ക് ശേഷം മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയും പിറ്റേന്ന് അമ്മ ബാത്ത്റൂമിൽ വീണു മരിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കുകയും ചെയ്തു.
ബന്ധുക്കൾക്ക് ഉണ്ടായ സംശയത്തെത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹം കബറടക്കി രണ്ട് ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കഴുത്തിലെ മുറിവും കൊലപാതക വിവരം പുറത്തുവന്നത്. തുടർന്ന് ബീഹാറിലെ ഗയയിൽ നിന്ന് കാമുകനെയും മകളെയും പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു. സംഭവത്തിൽ മറ്റ് മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
Summary: In a chilling case from Ranchi, Jharkhand, a 17-year-old girl and her boyfriend were detained for murdering her mother, Nahida Parveen, to seize ₹45 lakh and a compassionate government job. The teenager allegedly paid ₹12 lakh to her boyfriend’s friends to help suffocate Parveen. Initially claiming it was a bathroom fall, the crime was uncovered after relatives grew suspicious and the body was exhumed for autopsy, leading to a confession.

