ഡെറാഡൂൺ: കാലവർഷം ആരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിൽ ഉത്തരാഖണ്ഡിൽ കനത്ത പ്രകൃതിക്ഷോഭവും വ്യാപക നാശനഷ്ടവും (Uttarakhand Heavy Rains Landslides,). നിർത്താതെ പെയ്യുന്ന തോരാമഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും കനത്ത മലയിടിച്ചിലിലും സംസ്ഥാനത്തെ അറുപതിലധികം പ്രധാന റോഡുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. റോഡുകളിലേക്ക് പതിച്ച ടൺ കണക്കിന് മണ്ണും വലിയ പാറക്കല്ലുകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെങ്കിലും, പ്രതികൂല കാലാവസ്ഥയും തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലും ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഡെറാഡൂൺ, ബാഗേശ്വർ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴ ജനജീവിതം പൂർണ്ണമായി സ്തംഭിപ്പിച്ചിരിക്കുകയാണ്.
തലസ്ഥാന നഗരമായ ഡെറാഡൂണിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മല്ദേവ്തയിലേക്കുള്ള റോഡും സോങ് നദി അണക്കെട്ടിലേക്കുള്ള (Song River Dam) പാതയും വലിയ പാറക്കല്ലുകൾ വീണ് മണിക്കൂറുകളോളമാണ് പൂർണ്ണമായി അടഞ്ഞുകിടന്നത്. രുദ്രപ്രയാഗിൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് അലകനന്ദ നദിയിലെ (Alaknanda River) ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്. നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്.
അപകടസാധ്യത മുന്നിൽക്കണ്ട് നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അതീവ ജാഗ്രത പാലിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. അതേസമയം, ശ്രീനഗറിനും രുദ്രപ്രയാഗിനും ഇടയിലുള്ള സിരോബ്ഗഡ് സ്ലൈഡ് സോണിൽ (Sirobagarh Slide Zone) മലയിൽ നിന്ന് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് പ്രശസ്തമായ ബദരീനാഥ് ദേശീയപാത (Badrinath National Highway) വീണ്ടും അടച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ പ്രദേശം മൺസൂൺ കാലത്ത് സംസ്ഥാനത്ത് വലിയ യാത്രാ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡെറാഡൂൺ, ബാഗേശ്വർ, നൈനിറ്റാൾ, പൗരി, തെഹ്‌രി എന്നീ അഞ്ച് മലയോര ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച് അലർട്ട്’ (Orange Alert) പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എല്ലാ ജില്ലകൾക്കും എൻഡിആർഎഫ് (NDRF) സംഘങ്ങൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ബാഗേശ്വരിലെ ഗരുഡിൽ 68 മില്ലിമീറ്ററും, ഡെറാഡൂണിൽ 65 മില്ലിമീറ്ററും, ചമ്പാവത്തിലും ബൻബാസയിലും 61 മില്ലിമീറ്ററും, ഹിൽ സ്റ്റേഷനായ മുസ്സൂറിയിൽ 52 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. തീർത്ഥാടകരും വിനോദസഞ്ചാരികളും മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Story Summary:
Heavy rains and landslides within 48 hours of the monsoon’s onset have caused widespread devastation in Uttarakhand, blocking over 60 roads, including the Badrinath National Highway at Sirobagarh. With the Alaknanda river flowing near the danger mark, authorities have issued an orange alert for five districts, including Dehradun and Nainital, as restoration works face continuous disruptions.

