തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയെ അഭിനന്ദിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ദുരന്തമുഖത്ത് ലീഗ് നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെ ബിനീഷ് പ്രകീർത്തിച്ചു. എന്നാൽ, ഇതോടൊപ്പം കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷമായ പരിഹാസവും ഉയർത്തി.(Heartfelt greetings to this great mind, Bineesh Kodiyeri praises Muslim League and ridicules Congress)
മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമ്മത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ശൈലിയെന്ന് ബിനീഷ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി മുസ്ലിം ലീഗ് ഏറ്റെടുത്ത പുനരധിവാസ ദൗത്യം പൂർണ്ണ വിജയത്തിലെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും, ഈ വലിയ മനസ്സിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ലീഗിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുമ്പോൾ തന്നെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യവും ബിനീഷ് ഉയർത്തി. “അപ്പോഴും ഒരു ചോദ്യം അവിടെ തന്നെ നിൽക്കുന്നു, വീടെവിടെ കോൺഗ്രസ്സേ?” എന്നായിരുന്നു ബിനീഷിന്റെ പരിഹാസം.

