കൊളംബോ: തായ്‌ലൻഡിൽ നിന്ന് മടങ്ങിയ 22 ശ്രീലങ്കൻ ബുദ്ധസന്യാസിമാരെ വൻതോതിൽ കഞ്ചാവുമായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. റെക്കോർഡ് അളവായ 242 പൗണ്ട് (ഏകദേശം 110 കിലോ) തീവ്ര പ്രഹരശേഷിയുള്ള ‘കുഷ്’ ഇനത്തിൽപ്പെട്ട കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.(22 Buddhist monks arrested at airport after record drug bust)
തായ് തലസ്ഥാനമായ ബാങ്കോക്കിൽ നാല് ദിവസത്തെ വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു സന്യാസി സംഘം. ഓരോരുത്തരുടെയും ബാഗുകളിൽ പ്രത്യേകം സജ്ജീകരിച്ച രഹസ്യ അറകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഏകദേശം അഞ്ച് കിലോ വീതം കഞ്ചാവാണ് ഓരോരുത്തരുടെയും കൈവശം ഉണ്ടായിരുന്നതെന്ന് കസ്റ്റംസ് വക്താവ് അറിയിച്ചു. പിടിയിലായവരെ തുടർനടപടികൾക്കായി പൊലീസിന് കൈമാറി.
ശ്രീലങ്കയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള യുവ സന്യാസിമാരാണ് പിടിയിലായവരിലേറെയും. ഒരു വ്യവസായി സ്പോൺസർ ചെയ്ത വിനോദയാത്രയിലായിരുന്നു ഇവർ. ലങ്കൻ വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ തോതിൽ ‘കുഷ്’ പിടികൂടുന്നത്. ശ്രീലങ്കൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ സമീപകാലത്ത് വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയിൽ 101 പൗണ്ട് മയക്കുമരുന്നുമായി 21 വയസ്സുകാരിയായ ബ്രിട്ടീഷ് യുവതി പിടിയിലായിരുന്നു. 2025 ജൂണിൽ കളിപ്പാട്ടങ്ങൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 22 പൗണ്ട് കൊക്കെയ്‌നുമായി തായ് യുവതിയും പിടിയിലായി. സന്യാസിമാർ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നത് ഇതാദ്യമല്ല. 2022-ൽ തായ്‌ലൻഡിലെ ഒരു ക്ഷേത്രത്തിലെ സന്യാസിമാരെല്ലാം മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പുറത്താക്കപ്പെട്ടിരുന്നു. 2017-ൽ മ്യാൻമറിൽ ലക്ഷക്കണക്കിന് മെത്താംഫെറ്റാമൈൻ ഗുളികകളുമായി ഒരു സന്യാസി പിടിയിലായതും വലിയ വാർത്തയായിരുന്നു.

