തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി ശക്തമാകുന്നു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കുമ്പോഴും, പാർട്ടിയിലെ കീഴ്‌വഴക്കങ്ങൾ ഓർമ്മിപ്പിച്ച് മുൻ അധ്യക്ഷൻ വി.എം. സുധീരൻ രംഗത്തെത്തി.(CM dispute in Congress, leaders say the high command will decide)
തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ നിന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതാണ് കോൺഗ്രസിലെ സ്വാഭാവിക രീതിയെന്ന് സുധീരൻ പറഞ്ഞു. കെ.സി. വേണുഗോപാലിനായി ഒരു വിഭാഗം നീക്കം നടത്തുന്നതിനിടയിലാണ് സുധീരന്റെ ഈ പരാമർശം ശ്രദ്ധേയമാകുന്നത്. മുഖ്യമന്ത്രി ചർച്ചകൾക്ക് മാധ്യമങ്ങളാണ് വിലക്ക് ഏർപ്പെടുത്തേണ്ടതെന്ന് സണ്ണി ജോസഫ് പരിഹസിച്ചു. നേതാക്കളുടെ പി.ആർ പ്രവർത്തനങ്ങളെ തൃശ്ശൂർ പൂരത്തിലെ ‘വെടിക്കെട്ടിനോട്’ ഉപമിച്ചാണ് മുരളീധരൻ പരിഹസിച്ചത്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാഭിലാഷം പരിഗണിച്ച് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ. ബാബു പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യമായ ഏറ്റുമുട്ടലിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അതൃപ്തി അറിയിച്ചു. നേതാക്കൾ ചേരിതിരിഞ്ഞ് പി.ആർ വർക്കുകൾ നടത്തുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകി. കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കടുത്ത വിയോജിപ്പുണ്ട്.

