തിരുവനന്തപുരം: ചിറയിൻകീഴിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് താലൂക്ക് ആശുപത്രി. കുട്ടിയുടെ രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം സ്റ്റോക്കുണ്ടായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡി.എം.ഒ-യ്ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Report submitted to DMO, showing no medical malpractice in 8-year-old’s death by Snakebite )
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ നടത്തിയ രക്തപരിശോധനയിൽ വിഷബാധ സ്ഥിരീകരിക്കാനായില്ല. കുട്ടിയുടെ ആരോഗ്യനില മോശമാകുന്നത് കണ്ടതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് പിതാവ് പരാതി നൽകിയിരുന്നു. ഡോക്ടർക്ക് വീഴ്ച പറ്റിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ റിപ്പോർട്ട് തേടിയത്. ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഉറക്കത്തിനിടയിലാണ് കുട്ടിയെ പാമ്പ് കടിച്ചത്. പിന്നീട് കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.

