ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പോലീസിനെ ആക്രമിക്കുകയും പോലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ 17 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിംഗ് ഓഫിസർ അടക്കമുള്ള 40-ഓളം സൈനികർക്കെതിരെ കേസ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.(Kishtwar police station attack, Army Personnel Booked For Assaulting Police And Vandalizing Station)
കിഷ്ത്വാർ ആർ.ടി.ഒ സൈന്യത്തിന്റെ വാഹനം പിടിച്ചെടുത്തതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ്മ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം സൈനികർ അതോളി പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. വടികളും ഇരുമ്പ് ദണ്ഡുകളും ആയുധങ്ങളുമായി എത്തിയ സൈനികർ സ്റ്റേഷന്റെ മതിലുകൾ ചാടിക്കടന്നാണ് ഉള്ളിൽ കടന്നത്.
സ്റ്റേഷനിലെത്തിയ ഡി.വൈ.എസ്.പി വിജയ് കുമാർ ഭഗത്, എസ്.എച്ച്.ഒ അമൃത് കട്ടോച്ച് എന്നിവരെ സൈനികർ ക്രൂരമായി മർദ്ദിച്ചു. എസ്.എച്ച്.ഒയുടെ യൂണിഫോം കീറുകയും ചെയ്തു. ആർ.ടി.ഒയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ സൈനികർ അടിച്ചുതകർത്തു. സ്റ്റേഷന്റെ പ്രധാന ഗേറ്റും തകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ എത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു.
Story Summary
Forty Indian Army personnel, including a Colonel and a Major, face serious charges including attempted murder after allegedly assaulting police officers and vandalizing the Atholi police station in Kishtwar. The incident, which reportedly stemmed from the seizure of an Army vehicle by the Regional Transport Officer, is currently under institutional investigation, with the Army promising full cooperation in the legal process.

