തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇതോടെ ഈ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുകളുടെ എണ്ണം അഞ്ചായി. വീടിനുള്ളിൽ തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ, പാമ്പ് പിടുത്തക്കാരുടെ സാന്നിധ്യത്തിൽ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് വിശദമായ പരിശോധന ആരംഭിച്ചു.(Snakes are coming again, Part of the floor of the deceased child’s house is being inspected)
ബാത്ത്റൂമിലെ പൈപ്പിനുള്ളിലൂടെ പാമ്പുകൾ അകത്തേക്ക് കടക്കുന്നു എന്ന സംശയത്തെത്തുടർന്ന് ബാത്ത്റൂമിനോട് ചേർന്ന ഭാഗമാണ് പൊളിച്ചു പരിശോധിക്കുന്നത്. ഇന്നലെയും വീട്ടിലെ ശുചിമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന അനോഷിനും ആൽജോയ്ക്കും തലയിണയിൽ ഉണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റത്. കുട്ടികളെ കടിച്ച അതേ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പുകളെ തന്നെയാണ് പിന്നീടുള്ള ദിവസങ്ങളിലും വീട്ടിൽ നിന്ന് കണ്ടെത്തിയത്. മുൻപ് രണ്ടാമതും പാമ്പിനെ കണ്ടെത്തിയപ്പോൾ വീടിന് ചുറ്റും വനംവകുപ്പ് തീയിട്ടിരുന്നു.

