കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് സമ്മർദ്ദമാണെന്ന പോലീസ് നിഗമനം തള്ളി കുടുംബം. കേസ് ലോൺ ആപ്പിലേക്ക് മാത്രം ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എല്ലാവരും ചേർന്ന് നിതിനെ മാനസികമായി തളർത്തി കൊന്നതാണെന്നും സഹോദരി നികിത രാജ് ആരോപിച്ചു.(Nitin will never commit suicide over loan app, says Nitin Raj’s sister)
ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് നികിത മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപികയുടെ പേരിൽ നിതിൻ ലോൺ എടുത്തിട്ടില്ല. റഫറൻസ് നമ്പറായി നൽകിയിരുന്നത് വീട്ടുകാരുടെ നമ്പറുകളാണ്. തങ്ങളെല്ലാവരും ബാങ്ക് ലോൺ എടുത്താണ് പഠിച്ചത്. പറ്റിച്ച് പോകുന്നവരല്ല തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം എന്തോ സംഭവിച്ചിട്ടുണ്ട്. മൂന്ന് മാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും പതറാത്ത സഹോദരന് നീതി കിട്ടിയില്ലെങ്കിൽ തങ്ങളും ഇനി ജീവിച്ചിരിക്കില്ലെന്ന് ഇവർ പറയുന്നു. ലോൺ ആപ്പിൽ നിന്ന് ഏപ്രിൽ 9-ന് മാത്രം നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ എത്തിയതായി പോലീസ് പറയുന്നു. അധ്യാപികയുടെ ഫോണിലേക്ക് ലോൺ ആപ്പുകാർ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നുവെന്നാണ് വിവരം. നിതിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോക്ടർ എം.കെ. റാമിന്റെ കണ്ണൂർ ചിറക്കുനിയിലുള്ള ക്ലിനിക് ഡിവൈഎഫ്ഐ പ്രവർത്തകർ അടപ്പിച്ചു.

