കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയായ നസ്രിനയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കുളത്തൂർ സ്വദേശിയായ അദ്‌നാനെ (20) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Young man strangled a 16-year-old girl to death, Initial conclusion is that there was a grudge behind it)
വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി നടത്തിയ പരിശോധനയിലാണ് മുകൾ നിലയിലെ കിടപ്പുമുറിയിൽ നസ്രിനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശിയെയും അദ്‌നാൻ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നസ്രിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് വീട്ടുകാർ അദ്‌നാനെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നു. എന്നാൽ ഇവർ മടങ്ങിയെത്തിയപ്പോൾ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റി ശ്വാസം മുട്ടി മരിച്ച നിലയിലാണ് യുവാവിനെ കണ്ടത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. അദ്‌നാൻ ഈ വീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്.
യുവാവിന്റെ സ്വഭാവദൂഷ്യത്തെ നസ്രിന ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് പണം മോഷ്‌ടിച്ചതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും സൂചനയുണ്ട്. കുറച്ചു കാലമായി നസ്രിനയുടെ കുടുംബവുമായി അദ്‌നാൻ പിണക്കത്തിലായിരുന്നു.

