എറണാകുളം: കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. പശ്ചിമ ബംഗാളിലെ എൻ യു ജെ എസ് ഒന്നാം വർഷ വിദ്യാർത്ഥിയും പാലാരിവട്ടം സ്വദേശിയുമായ ജുവൽ ജോസ് ജെബിൻ ആണ് മരിച്ചത്.(Student’s death in Kolkata, Initial conclusion is that there is nothing unusual)
ഹോസ്റ്റലിലെ മെസ്സിലേക്ക് പോകുന്നതിനിടെ കാൽ തെന്നി വീണതാകാമെന്നാണ് നിഗമനം. ഹോസ്റ്റൽ കെട്ടിടത്തിൽ നിർമ്മാണ ജോലികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വിദ്യാർത്ഥിയുടെ ഭൗതിക ശരീരം ഇന്ന് കൊൽക്കത്തയിൽ പോസ്റ്റ്‌മോർട്ടം നടത്തും. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് കൊച്ചിയിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ പാലാരിവട്ടത്തെ വീട്ടിലെത്തിക്കും.

