ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി കൂടുതൽ എൽപിജി ശേഖരം ഇന്ത്യയിലെത്തുന്നു. 20,400 മെട്രിക് ടൺ എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ‘ജഗ് വിക്രം’ ഇന്ന് ഗുജറാത്തിലെ കാണ്ഡല തുറമുഖത്ത് എത്തും. 24 നാവികരാണ് കപ്പലിലുള്ളത്.(Relief from fuel crisis, ‘Jag Vikram’ to arrive in Gujarat today with 20,400 metric tonnes of LPG)
അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച് ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഇന്ധന കപ്പലാണിത്. ഏപ്രിൽ 11-നാണ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്ന് യാത്ര തിരിച്ചത്. 20,400 മെട്രിക് ടൺ എൽപിജിയുമായി വരുന്ന ‘ജഗ് വിക്രം’ ഏപ്രിൽ 14-ന് കാണ്ഡല തുറമുഖത്ത് എത്തും. ഇന്ധന വിതരണത്തിലെ തടസ്സങ്ങൾ നീക്കാൻ ഇത് വലിയ രീതിയിൽ സഹായിക്കും.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള അടുത്ത നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി വ്യക്തമാക്കി. കപ്പലുകളെ കടത്തിവിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ ഇറാൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുകയും വിതരണം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഈ കപ്പലിന്റെ വരവ് ആഭ്യന്തര വിപണിയിലെ പാചകവാതക ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

