കോട്ടയം: രാഷ്ട്രീയ നേതാക്കൾ മതനേതാക്കൾക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോവില്ലെന്നും സംസ്കാരമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നും ബിഷപ്പ് പറഞ്ഞു. മുട്ടുചിറ പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Don’t try to scare like that, Pala Bishop responds to PC George)
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദകൾ ലംഘിക്കപ്പെടുകയാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. കയ്യടി കിട്ടാൻ വേണ്ടി ചാനൽ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല. ആരും തങ്ങളെ പേടിപ്പിക്കേണ്ടതില്ല. സഭയെ മൂലയ്ക്കിരുത്തി മിണ്ടാപ്രാണികളാക്കാമെന്ന് ആരും കരുതേണ്ട. ഈ ജനാധിപത്യ രാജ്യത്ത് അതൊന്നും നടപ്പുള്ള കാര്യമല്ല എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.
സഭാധ്യക്ഷന്മാർ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നതിനെതിരെയുള്ള വിമർശനങ്ങളെയും ബിഷപ്പ് തള്ളി. എല്ലാ സമയത്തും മെത്രാന്മാരും വൈദികരും നിഷ്പക്ഷരായി ഇരിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. രഹസ്യമായി വോട്ട് ചോദിച്ചു എന്നാണ് ചിലർ പറയുന്നത്. എന്നാൽ പരസ്യമായി വോട്ട് ചോദിക്കാൻ തങ്ങൾക്ക് അവകാശമില്ലേ എന്ന് ബിഷപ്പ് ചോദിച്ചു. മെത്രാന്മാരുടെ മുറികൾക്ക് മുൻപിൽ പോലും എന്തും വിളിച്ചുപറയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ തരംതാഴ്ന്നിരിക്കുന്നു. ഇത് ആർക്കും ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ മെത്രാന്മാർ വോട്ട് ചോദിച്ചുവെന്ന് ആരോപിച്ച് പി.സി. ജോർജും ഷോൺ ജോർജും കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ ബിജെപിക്ക് സഭയെയും വേണ്ട എന്ന ഷോൺ ജോർജിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനിടെ പി.സി. ജോർജ് പാലാ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പിനെ കണ്ടിരുന്നുവെങ്കിലും അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിലപാടിലാണ് സഭയെന്നാണ് ഈ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

