Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഞാനല്ലാതെ മറ്റാര് എന്ന് ഉമ്മൻ‌ ചാണ്ടി പേരിന് മുന്നിൽ ചേർത്ത് വച്ചിട്ടില്ല,...

‘ഞാനല്ലാതെ മറ്റാര് എന്ന് ഉമ്മൻ‌ ചാണ്ടി പേരിന് മുന്നിൽ ചേർത്ത് വച്ചിട്ടില്ല, കേരളത്തിൽ BJP – LDF പങ്കാളിത്ത സഖ്യം’: രാഹുൽ ഗാന്ധി തൃശ്ശൂരിൽ | Rahul Gandhi

🎙️ Latest Podcast

തൃശ്ശൂർ: കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-എൽഡിഎഫ് സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശ്ശൂരിലെ മാളയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ വിമർശിച്ചത്.(BJP – LDF partnership alliance in Kerala, Rahul Gandhi in Thrissur)

പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ആരോപിച്ചു. എപ്പോഴും മതത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് മിണ്ടുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ഇത് മറന്നുപോകുന്നത്, രാഹുൽ പറഞ്ഞു.

തന്നെ വേട്ടയാടുന്ന കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ തൊടാത്തതെന്ന് രാഹുൽ ചോദിച്ചു. പിണറായി മോദിയെ ആക്രമിക്കാത്തത് ഈ പങ്കാളിത്തം കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലുടനീളം പതിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ പരസ്യ ബോർഡുകളെ രാഹുൽ പരിഹസിച്ചു.

തനിക്ക് മാത്രമേ കേരളം ഭരിക്കാൻ കഴിയൂ എന്ന പിണറായി വിജയന്റെ ചിന്ത ഓരോ മലയാളിയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് അങ്ങേയറ്റത്തെ ധാർഷ്ട്യമാണ്. മോദിക്കും അമിത് ഷായ്ക്കുമുള്ള അതേ മനോഭാവമാണ് പിണറായിക്കും, അദ്ദേഹം കുറ്റപ്പെടുത്തി. പിണറായിക്ക് മാത്രമേ നയിക്കാൻ കഴിയൂ എന്ന് പറയുന്നത് ഇടതുപക്ഷത്തെ മറ്റ് നേതാക്കൾ വിഡ്ഢികളായതുകൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്ന് രാഹുൽ ആവർത്തിച്ചു. ട്രംപിന്റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ മോദിക്ക് കഴിയില്ലെന്നും രാജ്യത്തെ സംരക്ഷിക്കാൻ മോദിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. അധികാരത്തിൽ വരുന്ന ആദ്യ ദിവസം മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കും. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകും. വിനയാന്വിതനായ ഉമ്മൻചാണ്ടിയുടെ പേരിൽ വിപുലമായ ആരോഗ്യ പദ്ധതി നടപ്പിലാക്കും. ഞാനല്ലാതെ മറ്റാര് എന്ന് അദ്ദേഹം പേരിനുമുന്നിൽ ചേർത്ത് നടന്നിട്ടില്ല എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.