കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴിക്കോട് നടന്ന ചടങ്ങിൽ പത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായി തയ്യാറാക്കിയ പത്രികയിൽ 60 ഇന കർമ്മപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്.(Jobs for those who complete their studies in Kerala, LDF releases manifesto with 60 action plans)
നിലവിലെ സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന് എൽഡിഎഫ് വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ഉറപ്പാക്കും. ഈ അധ്യയന വർഷം തന്നെ 60,000 കുട്ടികൾക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി നൽകും.
സംസ്ഥാനത്തെ സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. അഭ്യസ്തവിദ്യരായ യുവാക്കളുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകും. കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കും. കേരളത്തിന്റെ തെക്ക്-വടക്ക് അറ്റങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാതയ്ക്കായുള്ള ശ്രമങ്ങൾ തുടരുമെന്ന് പത്രികയിൽ വ്യക്തമാക്കുന്നു.
ക്ഷേമ പെൻഷൻ വർദ്ധനവ് മുതൽ അതിവേഗ യാത്രാ സൗകര്യങ്ങൾ വരെ നീളുന്ന വിപുലമായ പദ്ധതികളാണ് പത്രികയിലുള്ളത്. കേവല ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കും. ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും. കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷയും മുതിർന്ന പൗരന്മാർക്കായി ആഗോള നിലവാരത്തിലുള്ള സംരക്ഷണ പദ്ധതികളും നടപ്പിലാക്കും.തൊഴിൽ പ്രായത്തിലുള്ള 50 ശതമാനം സ്ത്രീകൾക്കും ജോലി ഉറപ്പാക്കും. കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലുകൾ നൽകും.
പുതിയ സ്റ്റാർട്ടപ്പുകൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ 120 ആയി ഉയർത്തി രണ്ട് ലക്ഷം പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകും. കാർഷിക ഉൽപ്പന്നങ്ങൾക്ക് വലിയ രീതിയിലുള്ള വില വർദ്ധനവാണ് എൽഡിഎഫ് വാഗ്ദാനം ചെയ്യുന്നത്: റബ്ബർ: 300 രൂപ, നെല്ല്: 35 രൂപ,നാളികേരം: 45 രൂപ എന്നിങ്ങനെയാണിത്. മത്സ്യത്തൊഴിലാളികൾക്ക് കടലിന്മേൽ ഉടമസ്ഥാവകാശവും പിടിക്കുന്ന മത്സ്യത്തിന്മേൽ ആദ്യ വിൽപനാവകാശവും നൽകും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. ലൈഫ് മിഷൻ 2.0 വഴി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കും. കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ മേഖലകളിലേക്ക് വ്യാപിപ്പിക്കും. കേരളത്തെ റെയിൽവേ ലെവൽ ക്രോസുകൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റും. കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി ഒഴിവാക്കി, ഗുണഭോക്താക്കൾക്ക് പരിധിയില്ലാതെ ചികിത്സാ സഹായം ലഭ്യമാക്കും. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കും.
എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കും. ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കും, ‘ക്ലീൻ പമ്പ’ പദ്ധതി നടപ്പിലാക്കും. സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും. വികസനവും ക്ഷേമവും മുൻനിർത്തിയാണ് എൽഡിഎഫ് ജനവിധി തേടുന്നത്. യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യം വെച്ചുള്ള തൊഴിൽ പദ്ധതികൾക്ക് പത്രികയിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

