കോഴിക്കോട്: പാലക്കാട് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ബിജെപി വിജയിക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭയെപ്പോലെയുള്ള ‘നാരീശക്തികൾ’ ബിജെപിയിൽ നിരവധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(If Sobha Surendran had won, there would have been someone to talk about the gold at Sabarimala says Suresh Gopi)
ശോഭാ സുരേന്ദ്രൻ അന്ന് വിജയിച്ചിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ വച്ച് “വയ്ക്കടോ സ്വർണം” എന്ന് ധൈര്യപൂർവ്വം ചോദിക്കാൻ ഒരാളുണ്ടാകുമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. അത്തരമൊരു വിജയം ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ബിജെപിക്ക് കേരളത്തിൽ ഭരണം പിടിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ ഇടത്-വലത് മുന്നണികളെ ജനങ്ങൾ ചവിട്ടിപ്പുറത്താക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സിപിഎം-ബിജെപി അന്തർധാര ആരോപണങ്ങളെ പരിഹാസത്തോടെയാണ് കേന്ദ്രമന്ത്രി നേരിട്ടത്. പ്രതിപക്ഷത്തിന്റെ ‘ഡീൽ’ ആരോപണത്തെ ‘പീൽ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബിജെപിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ കേരളത്തെ ഒതുക്കാൻ ശ്രമിക്കുന്നവരുടെ കൊതിക്കെറുവാണ്. രാഷ്ട്രീയ വൈരികളുടെ പരിവേദനമാണ് ഇത്തരം ആരോപണങ്ങളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കൺവെൻഷനിൽ തനിക്കായി പ്രത്യേകം തയ്യാറാക്കിവെച്ച ആഡംബര കസേര ഒഴിവാക്കി, സാധാരണ കസേര എത്തിച്ച് അതിലിരുന്നാണ് സുരേഷ് ഗോപി പ്രവർത്തകരുടെ കൈയടി നേടിയത്.

