ഹൈദരാബാദ്: ഹൈദരാബാദിൽ ഒരു വർഷം മുൻപ് കാണാതായ 40-കാരിയായ അഞ്ജു ദാസരി രാമയ്യയുടെ കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ് (Daughter Kills Mother Hyderabad). അഞ്ജുവിനെ സ്വന്തം മകളും കാമുകനായ മോന്തി കുമാറും ചേർന്ന് കൊലപ്പെടുത്തി വീടിനുള്ളിലെ കിടപ്പുമുറിയിൽ കുഴിച്ചുമൂടുകയായിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് ഇരുവരും ചേർന്ന് അഞ്ജുവിനെ വകവരുത്തിയത്.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അഞ്ജുവിനെ കാണാതാകുന്നത്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് 16-കാരിയായ മകൾ തന്നെയായിരുന്നു പോലീസിൽ പരാതി നൽകിയത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘം വീടിനുള്ളിൽ നിന്ന് തന്നെ അഞ്ജുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കുഴിച്ചുമൂടിയ അതേ വീട്ടിൽ തന്നെ യാതൊരു കുറ്റബോധവുമില്ലാതെ മകൾ താമസിച്ചു പോന്നു എന്നത് അയൽക്കാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
കൊലപാതകം നടക്കുമ്പോൾ പ്രായപൂർത്തിയാകാതിരുന്ന മകൾ പിന്നീട് ട്രക്ക് ഡ്രൈവറായ 22-കാരൻ മോന്തി കുമാർ സിംഗിനെ വിവാഹം കഴിച്ചു. ഇവർക്ക് ഇപ്പോൾ രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു. അഞ്ചു വർഷം മുൻപ് അഞ്ജുവിന്റെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചു പോയതായിരുന്നു. അദ്ദേഹം നിലവിൽ തെലങ്കാനയ്ക്ക് പുറത്താണ് താമസം. അഞ്ജുവിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു വർഷത്തോളം പഴക്കമുള്ള കാണാതാകൽ കേസ് ഇതോടെ ഒരു കൊലപാതക പരമ്പരയുടെ ചുരുളഴിച്ചിരിക്കുകയാണ്.
Summary
In a chilling incident in Hyderabad, a 16-year-old girl and her boyfriend, Monti Kumar Singh, have been arrested for murdering the girl’s mother, Anju Dasari Ramiah. Anju, who went missing in May last year, was killed because she opposed their relationship.

