ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് നടത്തിയ അധിക്ഷേപ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടുകയും ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് നടപടി റിപ്പോർട്ട് ചെയ്യാൻ ആലപ്പുഴ കളക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.(What action did CPM take when abusive remarks were made against UDF women leaders, asks M Liju)
യുഡിഎഫ് കൺവെൻഷനിടെയാണ് ഇർഷാദ് വിവാദമായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് എൽഡിഎഫ് ക്യാമ്പിൽ നിന്ന് ഉയരുന്നത്. അധിക്ഷേപ പരാമർശത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു. പ്രതിഭ വ്യക്തമാക്കി.
വിഷയത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു ഖേദം പ്രകടിപ്പിച്ചിരുന്നു. അധിക്ഷേപ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും പാർട്ടി ആവശ്യമായ നടപടി എടുത്തതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ വ്യക്തിഹത്യയല്ല, രാഷ്ട്രീയമാണ് ചർച്ചയാകേണ്ടതെന്നും ലിജു പറഞ്ഞു. യു ഡി എഫ് വനിതാ നേതാക്കൾക്ക് നേരെയുണ്ടായ അധിക്ഷേപ പരാമർശങ്ങളിൽ എൽഡിഎഫ് നേതാക്കൾ എന്ത് നടപടിയാണ് എടുത്തതെന്ന് ലിജു ചോദിച്ചു.

