കോഴിക്കോട്: എം.കെ. മുനീറിന്റെ വീടിന്മേലുള്ള ജപ്തി ഭീഷണി ഒഴിവാക്കാൻ പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ 49 ലക്ഷം രൂപയുടെ കടബാധ്യതയാണ് മുസ്ലിം ലീഗ് നേതൃത്വം അടച്ചുതീർത്തത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമായി സംസാരിച്ചതിന് പിന്നാലെ പാർട്ടിയുടെ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്.(Muslim League averts threat of seizure of MK Muneer’s house, Rs 49 lakh debt paid)
നടക്കാവിലെ ‘ക്രെസന്റ് ഹൗസ്’ എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. മുനീർ പിന്നീട് ഈ വീട് പുതുക്കിപ്പണിതിരുന്നു. 58 ലക്ഷം രൂപയായിരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി കുറച്ചിരുന്നു. എന്നാൽ ഈ തുക അടയ്ക്കാൻ സാധിക്കാത്തതിനെത്തുടർന്ന് മാർച്ച് 31-നകം പണമടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മുസ്ലിം ലീഗിന്റെ പല നിർണ്ണായക തീരുമാനങ്ങൾക്കും വേദിയായ ചരിത്രപ്രധാനമായ ഇടമാണ് ഈ വസതി. പിതാവിന്റെ പാത പിന്തുടർന്ന് പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച മുനീറിനെ പ്രതിസന്ധി ഘട്ടത്തിൽ ചേർത്തുപിടിക്കുകയാണ് ലീഗ് നേതൃത്വം ചെയ്തത്.

