ന്യൂഡൽഹി: മതപരിവർത്തനം ചെയ്യുന്നവർക്ക് പട്ടികജാതി പദവി തുടരാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ ഭരണഘടനാപരമായി പട്ടികജാതി പദവിക്ക് അർഹതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഇതോടെ മറ്റു മതങ്ങളിലേക്ക് മാറുന്നവർക്ക് സംവരണ ആനുകൂല്യങ്ങളും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരമുള്ള പ്രത്യേക പരിരക്ഷയും നഷ്ടമാകും.(Those who convert to another religion do not have Scheduled Caste status, Supreme Court )
ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതിക്കാരനായി തുടരാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്. ആന്ധ്ര സ്വദേശിയായ ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ അപ്പീൽ തീർപ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ.
തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആനന്ദ് കോടതിയെ സമീപിച്ചത്. ആനന്ദ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനാൽ പട്ടികജാതി പദവി നഷ്ടപ്പെട്ടുവെന്നും, അതിനാൽ പീഡന വിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകൾ ഈ കേസിൽ നിലനിൽക്കില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.

