ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴ മണ്ഡലം സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറി. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ നയിച്ച കൈകൾ തന്നെ ഇത്തവണ അരിവാൾ ചുറ്റിക നക്ഷത്രത്തിന് വെല്ലുവിളിയാകുന്നു എന്നതാണ് മണ്ഡലത്തിലെ കൗതുകം.(G Sudhakaran effect is making a difference in Ambalapuzha, Kerala looks up to the elections )
ഏറെ നിർണ്ണായകമായ അമ്പലപ്പുഴ എന്നും ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ്. വി.എസ്. അച്യുതാനന്ദൻ രണ്ട് തവണയും ജി. സുധാകരൻ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണിത്. സിപിഎമ്മിന്റെ സ്ഥാനാർഥി 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് നിയമസഭയിലെത്തിയത്. കോൺഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത്.
സിപിഎമ്മിലെ പ്രായപരിധി നിബന്ധനയെത്തുടർന്ന് 2021-ൽ സീറ്റ് ലഭിക്കാതിരുന്ന ജി. സുധാകരൻ, പിന്നീട് പാർട്ടി തനിക്കെതിരെ നടത്തിയ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി ബന്ധം ഉപേക്ഷിച്ചത്. ഇത്തവണ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത് രാഷ്ട്രീയ തന്ത്രമാണ്.

