ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശിക ഛദ്ദയാണ് വധു. ഈ മാസം 14-ന് ഡെറാഡൂണിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Indian cricketer Kuldeep Yadav is set to marry his childhood friend Vanshika Chadha)
കഴിഞ്ഞ വർഷം ജൂൺ 4-ന് ലക്നൗവിൽ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയാണ് വംശിക. കുൽദീപും വംശികയും ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
പൊതുവേദികളിലോ സോഷ്യൽ മീഡിയയിലോ അധികം പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് വംശിക. ഡെറാഡൂണിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ പങ്കെടുത്തേക്കും. ജീവിതത്തിലെ പുതിയ ഇന്നിംഗ്സ് ആരംഭിക്കുന്ന കുൽദീപിന് സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരും സഹതാരങ്ങളും ആശംസകൾ നേർന്നു കഴിഞ്ഞു.

