കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി നഗരത്തിൽ വിവിധയിടങ്ങളിൽ കർശന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3.30 വരെ നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾ നിയന്ത്രിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യും.(PM Modi to be in Kochi today, traffic restrictions )
പ്രധാനമന്ത്രിയുടെ യാത്ര കണക്കിലെടുത്ത് വിവിധ സമയങ്ങളിൽ പ്രസ്തുത റൂട്ടുകളിൽ വാഹനങ്ങൾ കടത്തിവിടില്ല. 12:00 PM – 12:30 PM: നേവൽ ബേസ് മുതൽ മറൈൻ ഡ്രൈവ് വരെ. 12:50 PM – 01:20 PM: മറൈൻ ഡ്രൈവ് മുതൽ കലൂർ രാജ്യാന്തര സ്റ്റേഡിയം വരെ. 03:05 PM – 03:30 PM: കലൂർ സ്റ്റേഡിയം മുതൽ എം.ജി റോഡ് വഴി നേവൽ ബേസ് വരെ. രാവിലെ 11.00 മണി മുതൽ തന്നെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു തുടങ്ങും. കൂടാതെ, ഭാരവാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് പൂർണ്ണ നിരോധനമുണ്ട്.
യാത്രക്കാർക്കായി പോലീസ് ബദൽ റൂട്ടുകൾ നിർദേശിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന്: എറണാകുളം, കാക്കനാട്, ആലുവ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ ബി.ഒ.ടി ഈസ്റ്റ് ജംക്‌ഷനിൽ നിന്നും തിരിഞ്ഞ് കുണ്ടന്നൂർ, എൻ.എച്ച് 66, വൈറ്റില, ഇടപ്പള്ളി വഴി പോകണം. ആലുവ/കാക്കനാട് ഭാഗത്തുനിന്ന്: ഫോർട്ട് കൊച്ചി ഭാഗത്തേക്ക് പോകേണ്ടവർ കുണ്ടന്നൂർ, ബി.ഒ.ടി ഈസ്റ്റ്, തോപ്പുംപടി വഴി യാത്ര തുടരണം.
ഹൈക്കോടതി ഭാഗത്തേക്ക് (12.50 – 1.30 PM): ആലുവ ഭാഗത്തുനിന്ന് വരുന്നവർ ഇടപ്പള്ളി, മാമംഗലം, പൊറ്റക്കുഴി, പച്ചാളം ഓവർ ബ്രിഡ്ജ്, ചാത്യാത്ത് വഴി പോകണം. ഫോർട്ട് കൊച്ചിയിലേക്ക് (12.50 – 1.30 PM): ഇടപ്പള്ളി, വൈറ്റില, കടവന്ത്ര, പനമ്പിള്ളി നഗർ, തേവര ഫെറി വഴി പോകാവുന്നതാണ്. നേവൽ ബേസിൽ നിന്ന് പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണ് പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്ക് എത്തുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി എം.ജി റോഡ്, ഷണ്മുഖം റോഡ്, കലൂർ ഭാഗങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാനോ സമയക്രമം മാറ്റാനോ ശ്രദ്ധിക്കുക.

