വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നു. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.(Trump expresses displeasure with Britain, Iran’s oil storage facilities attacked)
യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകാത്ത ബ്രിട്ടന്റെ നിലപാടിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ടതില്ല, ജയിച്ചുകഴിഞ്ഞാൽ കൂടെക്കൂടാൻ വരേണ്ട” എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ബ്രിട്ടന്റെ ഈ പിന്മാറ്റം മറക്കില്ലെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാന്റെ സമ്പൂർണ്ണ നാശമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയ ട്രംപ്, ഇതുവരെ ചിന്തിക്കാത്ത കേന്ദ്രങ്ങളിൽ പോലും ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചു. പ്രധാന ആയുധ നിർമ്മാതാക്കളുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത്. ബോയിങ്, ലോക്ഹീഡ് മാർട്ടിൻ തുടങ്ങി ഏഴ് പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി ട്രംപ് ചർച്ച നടത്തി.
ഹൈപ്പർസോണിക് മിസൈലുകൾ, സ്റ്റെൽത്ത് മിസൈലുകൾ, അറ്റാക്ക് ഡ്രോണുകൾ എന്നിവയുടെ നിർമ്മാണം വേഗത്തിലാക്കാൻ ധാരണയായി. ഇറാൻ പൂർണ്ണമായും കീഴടങ്ങണമെന്നും മിഡിൽ ഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങളെ ആക്രമിക്കാൻ അയൽരാജ്യങ്ങളിലെ മണ്ണ് വിട്ടുനൽകുന്നില്ലെങ്കിൽ മറ്റ് ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ലെബനൻ അതിർത്തിയിൽ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രയേലി സൈനികർക്ക് കൂടി പരിക്കേറ്റു.

