കൊല്ലം: കൊല്ലം കോർപ്പറേഷൻ ബജറ്റ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൊല്ലിയുണ്ടായ തർക്കം കോൺഗ്രസ് – ബിജെപി പ്രവർത്തകർ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു. സഭയ്ക്കുള്ളിൽ തുടങ്ങിയ വാഗ്വാദം പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകർ കൂടി ഇടപെട്ടതോടെ കൈയാങ്കളിയായി മാറുകയായിരുന്നു.(Congress-BJP fight in Kollam Corporation)
ബജറ്റ് ചർച്ചയ്ക്കിടെ കോൺഗ്രസ് അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചതാണ് ബഹളത്തിന് കാരണമായത്. പ്രധാനമന്ത്രിയെ ‘കൊള്ളക്കാരൻ’ എന്ന് കോൺഗ്രസ് അംഗങ്ങൾ വിശേഷിപ്പിച്ചു. ഇതിനെതിരെ ബിജെപി അംഗങ്ങൾ ശക്തമായി രംഗത്തെത്തി.
ഇത്തരം കാര്യങ്ങൾ “പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതി” എന്ന ബിജെപി അംഗങ്ങളുടെ മറുപടി സഭയിൽ പ്രകോപനം സൃഷ്ടിച്ചു. വാക്കേറ്റം മുറുകിയതോടെ പുറത്തുനിന്നും ആളുകൾ എത്തി. ഇരുവിഭാഗവും തമ്മിൽ ‘എടാ പോടാ’ വിളികളുമായി നേർക്കുനേർ നിന്നു. ഇതിനിടെ ഒരു ബിജെപി പ്രവർത്തകൻ കോൺഗ്രസ് കൗൺസിലർമാർക്ക് നേരെ തുപ്പിയത് സംഘർഷം മൂർച്ഛിക്കാൻ കാരണമായി.

