മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ, അന്താരാഷ്ട്ര നിയമങ്ങൾ നിഷ്‌കർഷിക്കുന്ന സമയപരിധിക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാതെ എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) (Ajit Pawar Plane Crash Investigation Report). ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) നിബന്ധനപ്രകാരം അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം. ഫെബ്രുവരി 26-നായിരുന്നു ഈ സമയപരിധി അവസാനിച്ചത്.
അപകടത്തിൽപ്പെട്ട ലിയർജെറ്റ് 45 വിമാനത്തിലെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ വിജയകരമായി ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിലും കോക്പിറ്റ് വോയ്‌സ് റെക്കോർഡറിനുണ്ടായ സാരമായ കേടുപാടുകളാണ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത്. തീപിടുത്തത്തിൽ വോയ്‌സ് റെക്കോർഡറിന് തകരാർ സംഭവിച്ചതിനാൽ വിവരങ്ങൾ വീണ്ടെടുക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. റിപ്പോർട്ട് വൈകുന്നതിനെക്കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയമോ എഎഐബിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിലവിൽ പൂനെ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) കേസിൽ അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിന് പിന്നിൽ അട്ടിമറി ശ്രമങ്ങളോ ക്രിമിനൽ അശ്രദ്ധയോ ഉണ്ടോ എന്നാണ് സിഐഡി പരിശോധിക്കുന്നത്. എന്നാൽ എഎഐബിയുടെ സാങ്കേതിക റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പോലീസിന് അന്വേഷണം പൂർത്തിയാക്കാൻ സാധിക്കൂ. കഴിഞ്ഞ മാസമാണ് ബരാമതിയിൽ വെച്ച് അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണമായ വിമാനാപകടം നടന്നത്.

