പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി. സംഭവത്തിൽ പരിഭ്രാന്തരായി ഓടുന്നതിനിടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് വിരണ്ടോടിയത്.(Hydrogen balloon explodes, Elephant goes feral; several injured)
രാത്രി എട്ട് മണിയോടെ കോട്ട മൈതാനത്തുനിന്നും തിരിച്ചെഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. എഴുന്നള്ളിപ്പിന് സമീപമുണ്ടായിരുന്ന ഹൈഡ്രജൻ ബലൂണിൽ തീപടർന്ന് അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ് ആനയെ വിരട്ടിയത്.
പെട്ടെന്നുണ്ടായ ശബ്ദം കേട്ട് വിരണ്ട ആന ലക്ഷ്മി ആശുപത്രിക്ക് സമീപത്തുകൂടി ഇടവഴികളിലൂടെ ഓടുകയായിരുന്നു. ഇടഞ്ഞോടുന്നതിനിടെ ആന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് നാശനഷ്ടം വരുത്തി. ആന ഓടി വരുന്നത് കണ്ട് ഭയന്നോടിയ ഭക്തർക്കാണ് പരിക്കേറ്റത്. ഇടുങ്ങിയ വഴിയായതിനാൽ വലിയ അപകടസാധ്യത നിലനിന്നിരുന്നു. എന്നാൽ ആനയെ ഉടൻ തന്നെ തളയ്ക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.

