തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരെ മാറ്റേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പ്രാഥമിക തീരുമാനം. ജില്ലാ സെക്രട്ടറി വി. ജോയ് വർക്കല മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഈ നിർദ്ദേശം അന്തിമ അംഗീകാരത്തിനായി സംസ്ഥാന നേതൃത്വത്തിന് കൈമാറും.(All sitting MLAs in Thiruvananthapuram will contest in Assembly Elections)
വി. ജോയ് വീണ്ടും മത്സരരംഗത്തിറങ്ങുന്നതോടെ തിരുവനന്തപുരത്ത് പുതിയ സിപിഎം ജില്ലാ സെക്രട്ടറി വരും. എൽഡിഎഫിലെ ഘടകകക്ഷികൾ മത്സരിക്കുന്ന തിരുവനന്തപുരം, കോവളം സീറ്റുകൾ സിപിഎം ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നു. നിലവിൽ സിപിഎം കൈവശമുള്ള മറ്റ് മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർക്ക് തന്നെ അവസരം നൽകാനാണ് ധാരണ. തിരുവനന്തപുരം ജില്ലയിൽ ഇടതുപക്ഷത്തിന്റെ ആധിപത്യം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് സിപിഎം ഒരുക്കുന്നത്.
ജില്ലാ സെക്രട്ടറി വി. ജോയ് വർക്കലയിൽ തന്നെ മത്സരിക്കണമെന്ന നിർദ്ദേശത്തിനെതിരെ ജില്ലാ സെക്രട്ടറിയല്ലേ, മത്സരിക്കണോ എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചെങ്കിലും ജില്ലാ നേതൃത്വം വഴങ്ങിയില്ല. എന്നാൽ വി. ജോയ് മത്സരിച്ചില്ലെങ്കിൽ വർക്കല സീറ്റ് നഷ്ടമാകുമെന്ന ഉറച്ച നിലപാടാണ് ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. ഒടുവിൽ വി. ജോയിയെ തന്നെ സ്ഥാനാർത്ഥിയായി ശുപാർശ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
വർക്കല: വി. ജോയ്, കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രൻ, നേമം: വി. ശിവൻകുട്ടി, വട്ടിയൂർക്കാവ്: വി.കെ. പ്രശാന്ത്, പാറശ്ശാല: സി.കെ. ഹരീന്ദ്രൻ, കാട്ടാക്കട: ഐ.ബി. സതീഷ്, നെയ്യാറ്റിൻകര: കെ. ആൻസലൻ, ആറ്റിങ്ങൽ: ഒ.എസ്. അംബിക, വാമനപുരം: ഡി.കെ. മുരളി, അരുവിക്കര: ജി. സ്റ്റീഫൻ എന്നിങ്ങനെയാണ് മത്സരിക്കുന്നത്. വി. ജോയ് മത്സരിക്കുന്നതോടെ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ടി വരും. ഇത് സംബന്ധിച്ച ചർച്ചകളും പാർട്ടിയിൽ ആരംഭിച്ചിട്ടുണ്ട്.

