അങ്കാറ: തുർക്കിയിലെ തെക്കുകിഴക്കൻ പ്രവിശ്യയായ സാൻ ലിയൂർഫയിലെ ഒരു ഹൈസ്‌കൂളിന് നേരെ പത്തൊൻപതുകാരൻ നടത്തിയ വെടിവെപ്പിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു (Turkey School Shooting). വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി ഗവർണർ ഹസൻ സിൽഡാക് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സിവെറെക് ജില്ലയിലായിരുന്നു സംഭവം.
ആക്രമണം നടത്തിയ 19 വയസ്സുകാരൻ ഈ സ്‌കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്നു. കൈത്തോക്കുമായി സ്‌കൂൾ മുറ്റത്തെത്തിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സ്‌കൂൾ കെട്ടിടത്തിനുള്ളിലേക്ക് കടന്നും ഇയാൾ ആക്രമണം തുടർന്നു. പരിക്കേറ്റവരിൽ 10 വിദ്യാർത്ഥികളും നാല് അധ്യാപകരും ഒരു പോലീസ് ഉദ്യോഗസ്ഥനും സ്‌കൂൾ കാന്റീൻ ജീവനക്കാരനും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമായതിനെത്തുടർന്ന് സാൻ ലിയൂർഫ സിറ്റി സെന്ററിലെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി.
പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമി സ്വയം വെടിവെച്ച് മരിച്ചത്. ഇയാൾക്ക് മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി രേഖകളില്ലെന്നും സ്‌കൂൾ സുരക്ഷിതമാണെന്ന് പോലീസ് നേരത്തെ സാക്ഷ്യപ്പെടുത്തിയതാണെന്നും ഗവർണർ വ്യക്തമാക്കി. അക്രമി എന്തിനാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വെടിവെപ്പിനെത്തുടർന്ന് പരിഭ്രാന്തരായ വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
Summary: A 19-year-old former student opened fire at a high school in Turkey’s Sanliurfa province on Tuesday, wounding 16 people before committing suicide. The victims include 10 students, four teachers, a police officer, and a canteen worker. According to Governor Hasan Sildak, the attacker fired indiscriminately with a shotgun in the Siverek district. While the motive remains unclear, authorities noted that the assailant had no prior criminal record.

