തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ. കെ-സ്‌മാർട്ട് വഴി വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയതായാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആണ് കത്തയച്ചത്.(Serious allegations against CM office in data leak controversy)
രജിസ്റ്റർ ചെയ്തവരുടെ പേര്, പ്രായം, വാർഡ്, ലിംഗഭേദം, ജില്ല, താലൂക്ക്, ഫോൺ നമ്പർ എന്നിവ ഡാറ്റാ ഷീറ്റുകളായി നൽകാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പി.ആർ.ഡി വഴി വിവരങ്ങൾ കൈമാറാനാണ് നിർദേശം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർമാരിലേക്ക് നേരിട്ട് സന്ദേശങ്ങൾ എത്തിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഈ വിവരങ്ങൾ ഫെബ്രുവരി 12-നകം കൈമാറണമെന്നായിരുന്നു നിർദ്ദേശം. സ്‌പാർക്കിൽ നിന്ന് സർക്കാർ ജീവനക്കാരുടെ വിവരം ചോർത്തിയതിനേക്കാൾ എത്രയോ മടങ്ങ് വലിയ ഡാറ്റാ മോഷണമാണ് കെ-സ്‌മാർട്ട് വഴി നടന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശിക്കാതെ ഇത്തരമൊരു കത്ത് അയക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ജീവനക്കാർക്കും ജഡ്ജിമാർക്കും വരെ മുഖ്യമന്ത്രിയുടെ പേരിൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ എത്തിയത് സ്വകാര്യതയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വൻ ഡാറ്റാ ചോർച്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യത്തിൽ കോടതി സ്വമേധയാ കേസെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

