പാലക്കാട്: കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ അതിവേഗ റെയിൽവേ പദ്ധതിയുടെ നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കാൻ കഴിയുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ പുതുക്കിയ ഡിപിആറിന്റെ വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.(High-speed railway in 3 months if BJP comes to power in Kerala, says E Sreedharan)
മണിക്കൂറിൽ 200 കി.മീ. വേഗതയിൽ സഞ്ചരിക്കാവുന്ന പാതയിലൂടെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് എത്താം. ശരാശരി വേഗത മണിക്കൂറിൽ 140 കി.മീ. ആയിരിക്കും. ആകെ 465 കി.മീ. ദൂരത്തിൽ 445 കിലോമീറ്ററും ആകാശപ്പാത ആയിരിക്കും. 20 കിലോമീറ്റർ തുരങ്കപ്പാതയും ഉൾപ്പെടും.
20 മുതൽ 30 കി.മീ. ഇടവിട്ട് ആകെ 20 സ്റ്റേഷനുകൾ. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് ബന്ധമുണ്ടാകും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏകദേശം 780 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. പഴയ ഡിസൈനിൽ 80,000 കോടി രൂപയായിരുന്ന നിർമ്മാണച്ചെലവ് പുതിയ പദ്ധതിയനുസരിച്ച് 56,500 കോടി രൂപയായി കുറയും.
തൂണുകളിലൂടെ പാത പോകുന്നതിനാൽ 20 മീറ്റർ വീതിയിൽ മാത്രം സ്ഥലം ഏറ്റെടുത്താൽ മതി. നിർമ്മാണത്തിന് ശേഷം ഉടമസ്ഥർക്ക് നിയന്ത്രണങ്ങളോടെ ഭൂമി തിരികെ നൽകും. പദ്ധതി സൗരോർജ്ജത്തിൽ പ്രവർത്തിക്കും. ഇതിനായുള്ള ചെലവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന് 51 ശതമാനവും കേരള സർക്കാരിന് 49 ശതമാനവും ഓഹരിയുള്ള കേരള ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷനായിരിക്കും നിർമ്മാണച്ചുമതല. കൊങ്കൺ റെയിൽവേ മാതൃകയിൽ സർക്കാർ ഫണ്ടിനൊപ്പം വായ്പകളും ബോണ്ടുകളും വഴി തുക സമാഹരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

