കൊച്ചി: വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി തുടരുന്നത്.(The Kerala Story 2, High Court to consider plea seeking cancellation of censor certificate again today)
കേരളത്തെ വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും കേന്ദ്രമായി ചിത്രീകരിച്ച് സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കാൻ സിനിമ ശ്രമിക്കുന്നു എന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം. സിനിമയിലെ ഉള്ളടക്കം വസ്തുതാവിരുദ്ധമാണെന്നും ഇത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് വിഷയത്തിൽ നിർണ്ണായകമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. സിനിമയ്ക്ക് ‘കേരളം’ എന്ന പേര് നൽകിയിട്ടുള്ളതിനാൽ ഹർജിക്കാരന്റെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേരളം വിവിധ സമുദായങ്ങൾ ഐക്യത്തോടെ ജീവിക്കുന്ന ഒരു മതേതര സമൂഹമാണ്. യഥാർത്ഥ സംഭവങ്ങളിൽ നിന്നാണ് സിനിമ നിർമ്മിച്ചതെന്ന അവകാശവാദം സംസ്ഥാനത്തിന്റെ സൽപ്പേരിനെ ബാധിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
സിനിമയുടെ ഉള്ളടക്കം കൃത്യമായി മനസ്സിലാക്കാൻ ചിത്രം നേരിട്ട് കാണാൻ തയ്യാറാണെന്ന് കോടതി അറിയിച്ചിട്ടുണ്ട്. വിവാദം കടുത്ത സാഹചര്യത്തിൽ, ആവശ്യമെങ്കിൽ സിനിമയുടെ ട്രെയിലർ പിൻവലിക്കാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിട്ടുണ്ട്.

