ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഉഷ ജോസഫിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണമായ കത്രിക വയറ്റിലിരുന്ന് ദ്രവിച്ച് ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് ബന്ധു പറഞ്ഞു.(Usha’s family demands compensation for medical malpractice at Vandanam Medical College)
ഉപകരണം വയറ്റിൽ കുടുങ്ങിയതിനെത്തുടർന്ന് ഉഷ ദീർഘകാലം കഠിനമായ വേദന അനുഭവിച്ചു. ഉപകരണത്തിന്റെ ഭാഗം കുത്തിനിന്നതിനെത്തുടർന്നാണ് മൂത്രസഞ്ചിയിൽ മുറിവുണ്ടായതും മൂത്രത്തിലൂടെ രക്തം വന്നതും. ഉപകരണം തങ്ങിയ ഭാഗത്ത് കല്ല് രൂപപ്പെട്ടതായും കുടുംബം പറയുന്നു.
നിലവിലെ ചികിത്സയ്ക്കായി വലിയ തുക ചെലവായെന്നും, ഭാവിയിൽ ജോലിക്ക് പോകാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും കുടുംബം വ്യക്തമാക്കി. ആശുപത്രി ചെലവ് സർക്കാർ ഏറ്റെടുക്കണം. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം. ജീവനക്കാരുടെ കുറവുണ്ടായിരുന്നുവെങ്കിൽ എന്തിനാണ് അന്ന് ശസ്ത്രക്രിയ നടത്തിയതെന്ന ചോദ്യവും കുടുംബം ഉയർത്തുന്നു. ചികിത്സാ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അനുഭവിച്ച ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഉഷയുടെ കുടുംബത്തിന്റെ നിലപാട്.

