കാസർഗോഡ്: കാഞ്ഞങ്ങാട് ചായ്യോത്ത് വായനശാലയിൽ നടന്ന പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. വായനശാലാ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം.ജി സ്മാരക വായനശാലയിലാണ് ഞായറാഴ്ച വൈകുന്നേരം 6:30-ഓടെ സംഭവം നടന്നത്.(Wild boar attack in Kasaragod, 3 people injured)
ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ‘വിജ്ഞാന വികസന സദസ്സിന്റെ’ സമാപന ചടങ്ങിനിടെയായിരുന്നു ആക്രമണം. പരിപാടിയുടെ സമാപനത്തിൽ നന്ദി പ്രസംഗം നടന്നു കൊണ്ടിരിക്കെയാണ് കാട്ടുപന്നി സദസ്സിലേക്ക് ഇരച്ചുകയറിയത്.
വായനശാലാ സെക്രട്ടറി പി. ബാബുരാജൻ മാസ്റ്റർ, വായനശാലാ അംഗങ്ങളായ അപ്പു മാസ്റ്റർ, വി. അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

