കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court’s crucial remarks on Rahul Mamkootathil case)
ബന്ധത്തെക്കുറിച്ച് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ സമ്മതത്തോടെയാണ് ഗർഭച്ഛിദ്രം നടത്തിയതെന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ സൂചിപ്പിക്കുന്നു. യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുലിന്റെ സുഹൃത്ത് മരുന്ന് എത്തിച്ചുനൽകിയത്. ഇതിൽ രാഹുലിന്റെ നിർബന്ധമുണ്ടായിരുന്നോ എന്നത് വിചാരണയിൽ തെളിയേണ്ട കാര്യമാണെന്നും കോടതി വ്യക്തമാക്കി.
യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പ്രൊസീക്യൂഷൻ വാദിച്ചു. ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് പരാതിക്കാരിയും കോടതിയെ അറിയിച്ചിരുന്നു. കർശനമായ ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 16-ന് രാവിലെ 10-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഇത് ഔദ്യോഗിക കസ്റ്റഡിയായി കണക്കാക്കാം. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഹാജരാകണം. തന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണം. സംസ്ഥാനം വിട്ടുപോകരുത്, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം.



