പത്തനംതിട്ട: വന്യമൃഗങ്ങൾ വരുത്തുന്ന നാശത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തുക വർധിപ്പിക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സർക്കാരിന് ശുപാർശ നൽകണമെന്നും മൂന്ന് മാസത്തിനകം സർക്കാർ ഇതിൽ അന്തിമ തീരുമാനമെടുക്കണമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.(Wild animal attacks, Human Rights Commission suggests government to increase compensation amount)
വന്യമൃഗ ആക്രമണം നേരിടുന്നവർക്ക് നഷ്ടപരിഹാരത്തിനായി ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യം ഉറപ്പാക്കണം. അപേക്ഷ ലഭിച്ചാലുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രാദേശിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും കർഷകർക്ക് അർഹമായ തുക നൽകുകയും വേണം. ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ള കർഷകർക്ക് ആവശ്യമായ ബോധവൽക്കരണവും സാങ്കേതിക സഹായവും ഗ്രാമപഞ്ചായത്ത് അധികൃതർ നൽകണം.
വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സോളാർ തൂക്കുവേലികൾ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.



