ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി – നാഗ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഉഖ്രുൽ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച ‘ജനകീയ സർക്കാരിൽ’ കുക്കി എം.എൽ.എമാർ പങ്കാളികളായതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ അക്രമങ്ങൾക്ക് കാരണമായത്.(Manipur is burning again, Curfew issued)
ഉഖ്രുൽ മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ നിരവധി വീടുകൾ അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേനയെ വിന്യസിക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചുരചന്ദ്പൂർ ഉൾപ്പെടെയുള്ള കുക്കി മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഈ മേഖലകളിൽ പൂർണ്ണമായ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
പുതിയ സർക്കാരിനെ പിന്തുണയ്ക്കുന്ന കുക്കി എം.എൽ.എമാരെ കുക്കി സംഘടനകൾ ഊരുവിലക്കി. ഉപമുഖ്യമന്ത്രി നെംച കിപ്ജെൻ അടക്കമുള്ളവർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് പിന്തുണ പിൻവലിക്കുന്നത് വരെ വിലക്ക് തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. രാഷ്ട്രപതി ഭരണം പിൻവലിച്ചാണ് മണിപ്പൂരിൽ യുംനാം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റത്.



