കരാക്കസ്: വെനിസ്വേലയെ നടുക്കി ബുധനാഴ്ച വൈകുന്നേരം തുടര്‍ച്ചയായുണ്ടായ ശക്തമായ ഇരട്ട ഭൂചലനങ്ങളില്‍ തലസ്ഥാനമായ കരാക്കസില്‍ വ്യാപക നാശനഷ്ടം. യു.എസ്. ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, വെനിസ്വേലയുടെ വടക്കൻ തീരപ്രദേശമായ മൊറോണിന് പടിഞ്ഞാറ് ആദ്യം 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. തൊട്ടുപിന്നാലെ ഒരു മിനിറ്റിനുള്ളിൽ 7.5 തീവ്രതയുള്ള രണ്ടാമതൊരു ഭൂചലനം കൂടി ഉണ്ടായതോടെ സ്ഥിതി ഗുരുതരമായി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വെനിസ്വേലയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്.(Venezuela earthquake, Powerful Double Earthquakes Strike Venezuela Causing Major Destruction In Caracas)
സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് വെനിസ്വേലൻ ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കബെല്ലോ അറിയിച്ചു. കരാക്കസിലെ അൽതാമിറ മേഖലയിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും പരിക്കേറ്റവരുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആയിരങ്ങൾ മരിച്ചതായും സംശയമുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സേവന വാഹനങ്ങൾക്ക് വഴിയൊരുക്കാൻ ഗതാഗതം നിയന്ത്രിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു.
സിമോൺ ബൊളിവാർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഭൂചലനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ടെർമിനലിന് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തതോടെ യാത്രക്കാർ പരിഭ്രാന്തരായി. പല കെട്ടിടങ്ങളും ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി തെരുവുകളിൽ അഭയം തേടി. കെട്ടിടങ്ങളുടെ ഭിത്തികൾ തകർന്നുവീണത് പരിഭ്രാന്തി വർധിപ്പിച്ചു.
ഭൂചലനത്തെത്തുടർന്ന് വെർജിൻ ദ്വീപുകളിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പോർട്ടോ റിക്കോയിൽ നേരത്തെ നൽകിയ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. ദക്ഷിണ അമേരിക്കൻ, കരീബിയൻ പ്ലേറ്റുകൾക്കിടയിലുള്ള വെനിസ്വേലയിൽ ഇത്രയും വലിയ ഭൂചലനങ്ങൾ അപൂർവ്വമാണെന്ന് ഭൗമശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി ഉണ്ടായേക്കാവുന്ന തുടർചലനങ്ങൾ കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Story Summary
A pair of powerful earthquakes, measuring 7.1 and 7.5 in magnitude, struck Venezuela’s Caribbean coast, causing severe damage to buildings in Caracas and disrupting operations at Simón Bolívar International Airport. Officials have initiated rescue protocols as residents remain on high alert, while tsunami warnings have been issued for neighboring islands.

