വാഷിംഗ്ടൺ: വിദേശനയങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളെ തള്ളി യുഎസ് ജനപ്രതിനിധി സഭ. റഷ്യക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനും ഉക്രെയ്ന് കോടിക്കണക്കിന് ഡോളറിന്റെ ധനസഹായം നൽകുന്നതിനുമുള്ള ‘ഉക്രെയ്ൻ സപ്പോർട്ട് ആക്ട്’ ജനപ്രതിനിധി സഭ പാസാക്കി (US House Passes Ukraine Support Act). 195-നെതിരെ 226 വോട്ടുകൾക്കാണ് ബിൽ പാസായത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 18 അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും പാർട്ടി നിലപാട് ലംഘിച്ച് ബില്ലിനെ അനുകൂലിച്ച് ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു എന്നത് ട്രംപിന്റെ പാർട്ടിയിലുണ്ടായ വലിയ ഭിന്നതയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.
ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം റിപ്പബ്ലിക്കൻമാരുടെ പിന്തുണയോടെ സഭ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന് അടുത്ത തിരിച്ചടിയുണ്ടാകുന്നത്. ജനപ്രതിനിധി സഭയുടെ തീരുമാനത്തെ ഉക്രെയ്ന്റെ യുഎസ് അംബാസഡർ ഓൾഹ സ്റ്റെഫാനിഷിന സ്വാഗതം ചെയ്തു. മാസങ്ങളായി സഭയിൽ കെട്ടിക്കിടന്നിരുന്ന ഈ ബില്ലിൽ, ഉക്രെയ്ന്റെ യുദ്ധാനന്തര പുനർനിർമ്മാണത്തിനായി 1 ബില്യൺ ഡോളറിലധികം സഹായവും 8 ബില്യൺ ഡോളർ വരെ നേരിട്ടുള്ള വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ റഷ്യൻ ധനകാര്യ സ്ഥാപനങ്ങൾ, എണ്ണ-ഖനന മേഖലകൾ, റഷ്യൻ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കർശനമായ കയറ്റുമതി നിയന്ത്രണങ്ങളും ഉപരോധങ്ങളും ബിൽ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ഈ ബിൽ നിയമമാകണമെങ്കിൽ ഇനി റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ കൂടി പാസാകേണ്ടതുണ്ട്.
ട്രംപിന്റെ നിലപാടറിഞ്ഞ ശേഷമേ ബില്ലിൽ വോട്ടെടുപ്പ് അനുവദിക്കൂ എന്ന നിലപാടിലാണ് സെനറ്റിലെ റിപ്പബ്ലിക്കൻ നേതൃത്വം. സെനറ്റ് പാസാക്കിയാൽ പോലും പ്രസിഡന്റ് ട്രംപ് ഈ ബില്ലിൽ വീറ്റോ ഒപ്പ് വെച്ച് റദ്ദാക്കാനാണ് സാധ്യത. 2025 ജനുവരിയിൽ ട്രംപ് വീണ്ടും വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതു മുതൽ ഉക്രെയ്നുള്ള യുഎസ് സഹായം ഗണ്യമായി കുറഞ്ഞിരുന്നു. ഇതിനിടയിലാണ് ഉക്രെയ്ന്റെ പ്രതിരോധത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കുമായി 90 ബില്യൺ യൂറോയുടെ വായ്പ അനുവദിക്കാൻ യൂറോപ്യൻ യൂണിയൻ ഈ ആഴ്ച തീരുമാനിച്ചത്.
Summary: In a significant defiance of President Donald Trump’s foreign policy, the U.S. House of Representatives passed the Ukraine Support Act with a 226-195 vote. Eighteen Republicans broke party ranks to join Democrats in passing the legislation, which authorizes over $1 billion in assistance, up to $8 billion in direct loans to Kyiv, and imposes harsh new sanctions on Russian financial and oil sectors. While the bill’s future remains uncertain in the Senate and faces a likely presidential veto, Ukraine’s ambassador to the U.S., Olha Stefanishyna, hailed it as a crucial step reflecting continued bipartisan support.

