Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeWorldലോകം കണ്ട ഏറ്റവും വലിയ ധനികനായ ക്രിമിനൽ, കുറ്റകൃത്യങ്ങളുടെ രാജാവ്; പാബ്ലോ...

ലോകം കണ്ട ഏറ്റവും വലിയ ധനികനായ ക്രിമിനൽ, കുറ്റകൃത്യങ്ങളുടെ രാജാവ്; പാബ്ലോ എസ്കോബർ എന്ന മയക്കുമരുന്ന് രാജാവിന്റെ കഥ | Pablo Escobar

🎙️ Latest Podcast

ചരിത്രത്തിലെ ഇരുണ്ടയേടായി ഇപ്പോഴും അവശേഷിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളി പാബ്ലോ എസ്കോബർ (Pablo Escobar). കർഷകന്റെ മകനായി ജനിച്ച ലോകം കണ്ട ഏറ്റവും വലിയ ശതകോടീശ്വരനായ കൊടും കുറ്റവാളി. മയക്കുമരുന്നിന്റെ രാജാവ് (King of Cocaine) എന്നറിയപ്പെട്ടിരുന്ന പാബ്ലോ മരണപ്പെടുന്ന വേളയിൽ, അയാളുടെ ആസ്തി 30 ദശലക്ഷം ഡോളറായിരുന്നു. ലോകത്തിലെ കൊക്കെയിൻ വിപണിയുടെ 80 ശതമാനം പബ്ലോയുടെ കൈകളിലായിരുന്നു.

1949, ഡിസംബർ 1, കോളമ്പിയയിലെ റിയോൺജെറോയിലാണ് പാബ്ലോ എമിലിയോ എസ്കോബർ (Pablo Emilio Escobar) എന്ന കുപ്രസിദ്ധൻ ജനിക്കുന്നത്. ദാരിദ്ര്യത്താൽ വലഞ്ഞിരുന്ന ഒരു കുടുംബത്തിലായിരുന്നു പാബ്ലോയുടെ ജനനം. പിതാവ് ഒരു കർഷകനും മാതാവ് അധ്യാപികയുമായിരുന്നു. പാബ്ലോ ജനിച്ച് ഏതാനം വർഷങ്ങൾക്കുള്ളിൽ തന്നെ ആ കൊച്ചു കുടുംബം മെഡെലിൻ എന്ന പട്ടണത്തിലേക്ക് താമസം മാറുന്നു. എന്നാൽ പുതിയ പട്ടണത്തിലേക്ക് എത്തുന്ന കുടുംബത്തിന്റെ ജീവിതത്തിൽ പ്രത്യേകിച്ച് യാതൊരു മാറ്റങ്ങളും ഉണ്ടാകുന്നില്ല. അവിടെയും കുടുംബം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ദാരിദ്ര്യമായിരുന്നു.
കൗമാരപ്രായത്തിൽ തന്നെ ക്രിമിനൽ പ്രവർത്തനങ്ങളിൽ പാബ്ലോ ഏർപ്പെടുന്നു. ഇതോടെ കോളേജ് പഠനം പാതി വഴിയിൽ മുടങ്ങുന്നു. അനധികൃത സിഗരറ്റ്, വ്യാജ ലോട്ടറി എന്നിവ വിറ്റുകൊണ്ടാണ് കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്കുള്ള പാബ്ലോയുടെ കടന്നുവരവ്. സ്മശാനങ്ങളിൽ നിന്നും ശവക്കല്ലറകളിലെ മാർബിളുകൾ മോഷ്ടിച്ച് വിൽക്കുന്നു. അധികം വൈകാതെ ചെറുതും വലുതുമായ വാഹന മോഷണത്തിൽ പാബ്ലോ വ്യാപൃതനാകുന്നു. 1974 -ൽ ഒരു കാർ മോഷണക്കേസിലാണ് പാബ്ലോ ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ പാബ്ലോയും സംഘവും ചെയ്തുകൂട്ടുന്ന പല കുറ്റകൃത്യങ്ങളും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു. ഇതിനു പ്രധാന കാരണം, കൃത്യമായ ഇടവേളകളിൽ പോലീസിന് നല്ലൊരു തുക സംഘവും നൽകിയിരുന്നു.

അങ്ങനെ ചെറുതും വലുതുമായി നടത്തിയിരുന്ന മോഷണ പരമ്പരകളി പാബ്ലോ തൃപ്തനായിരുന്നില്ല. പതിയെ മോഷണങ്ങളിൽ നിന്നൊക്കെ വ്യതിചലിച്ച് പണക്കാരെ തട്ടിക്കൊണ്ടു പോയി, ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നു. ഇങ്ങനെയും പാബ്ലോ നല്ലൊരു തുക സമ്പാദിക്കുന്നു. ആദ്യകാലങ്ങളിൽ പാബ്ലോയെ കൊളംബിയയിലെ കുപ്രസിദ്ധനാക്കുന്നതും ഈ തട്ടിക്കൊണ്ട് പോകലുകൾ തന്നയാണ്. എന്നിരുന്നാലും, ഇവയ്ക്ക് ഒന്നിനും തന്നെ പാബ്ലോയെ തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞില്ല. ഈ അവസരത്തിലാണ് അയാളുടെ കണ്ണുകൾ കൊക്കെയ്ൻ വില്പനയിൽ പതിക്കുന്നത്.

1970-കളുടെ മധ്യത്തിൽ കൊളംബിയയിൽ കൊക്കെയ്ൻ വ്യാപാരം വ്യാപിക്കാൻ തുടങ്ങിയിരുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കൊക്കെയ്ന്റെ ഉപയോഗം വൻതോതിൽ വർദ്ധിച്ചുവരുന്ന കാലമായിരുന്നു അത്. പല രാജ്യങ്ങളിലും കൊക്കെയ്ന് ആവശ്യക്കാർ ഏറെയായിരുന്നു. കൊളംബിലെ മണ്ണ് കൊക്കേയൻ ചെടിയുടെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്നു. അതുകൊണ്ട് തന്നെ കൊളംബിയിൽ കൊക്കെയ്ൻ ഉൽപാദനം നടത്തിയ ശേഷം അത് അമേരിക്കയിലേക്ക് കടത്തുക എന്നതായി പാബ്ലോയുടെ ലക്ഷ്യം. വിപണിയിൽ കൊക്കെയ്ന് ആവശ്യക്കാർ ഏറെ ആയതുകൊണ്ട് തന്നെ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള ലാഭം കൈവരിക്കാൻ സാധിക്കുമെന്ന് പാബ്ലോയ്ക്ക് ഉറപ്പായിരുന്നു. ഇതിനായി ഉറ്റ സുഹൃത്തുക്കളെ അണിചേർത്ത് കൊണ്ട് ഒരു സംഘം രൂപീകരിക്കുന്നു. ആ സംഘടനയ്ക്ക് മെഡിലിൻ കാർട്ടർ (Medellín Cartel) എന്ന പേരും നൽകുന്നു.

ആദ്യകാലങ്ങളിൽ, അമേരിക്കയിലേക്ക് പോകുന്ന സഞ്ചാരികളുടെ കൈയിൽ ചെറു പാക്കറ്റുകളായി കൊക്കെയൻ നൽകിക്കൊണ്ടായിരുന്നു കൊക്കെയൻ കടത്തിയിരുന്നത്. ഓരോ ദിവസം കടന്നുപോകുന്തോറും പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള ലാഭം പാബ്ലൊയെ തേടിയെത്തി. പതിയെ പതിയെ മെഡിലിൻ കാർട്ടർ എന്ന സംഘടനയും വലുതായി കൊണ്ടിരുന്നു. അംഗബലം കൂടി, ആവശ്യത്തിലധികം പണം ഒഴുകി. അഞ്ചുകൊല്ലം കൊണ്ട് പാബ്ലോ കുപ്രസിദ്ധനായി മാറുന്നു. മയക്കുമരുന്നിന്റെ രാജാവ് എന്ന തലക്കെട്ട് അയാളെ തേടി എത്തുന്നു. മയക്കുമരുന്നിൽ മാത്രം മേഡലിൻ കാർട്ടർ എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഒതുങ്ങിയില്ല. ആയുധ കടത്തിലും സംഘം സജീവമാകുന്നു. ലാറ്റിൻ അമേരിക്കയും, വടക്കേ അമേരിക്കയും പബ്ലോയുടെ കൈകൾക്കുള്ളിലായി. യൂറോപ്പിലും പബ്ലോയുടെ നിഴലുകൾ പതിഞ്ഞിരുന്നു.

1980 കളുടെ പകുതിയോടെ അമേരിക്കയുടെ നല്ലൊരു ഭാഗം മനുഷ്യരും കൊക്കെയന് അടിമയായിരുന്നു. രാജ്യം നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതാണ് തിരിച്ചറിയുന്ന അമേരിക്ക ലഹരി മാഫിയെ പിടികൂടുവാൻ തുന്നിഞ്ഞിറങ്ങുന്നു. തങ്ങൾ തേടുന്ന ലഹരി മാഫിയത്തലവൻ പാബ്ലോയാണ് എന്ന് തിരിച്ചറിയുന്ന അവർ അയാളെ കുടുക്കുവാൻ പല വഴികളും തേടുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയിൽ കൊക്കെയനുമേലുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. നിയന്ത്രണങ്ങൾ ശക്തമായതോടെ പാബ്ലോ വലയുന്നു. എന്നാൽ കൊക്കെയൻ അമേരിക്കയിൽ എത്തിക്കുവാൻ പുതിയ വഴികൾ അയാൾ കണ്ടെത്തുന്നു. കൊളംബിയിൽ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളുടെ പൈലറ്റുകൾക്ക് കൈക്കൂലി നൽകുന്നു. അതിനുശേഷം വിമാനങ്ങളുടെ ടയറുകളിൽ കൊക്കെയൻ നിറയ്ക്കുന്നു.

കൂടാതെ അമേരിക്കയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ദ്വീപ് പാബ്ലോ സ്വന്തമാക്കുന്നു. തുടർന്ന് വിമാനമാർഗ്ഗം കൊളംബിയിൽ നിന്നും കൊക്കെയൻ ഈ ദ്വീപിൽ എത്തിക്കുന്നു. ശേഷം ചെറുപ്പെട്ടികളിൽ അവൻ നിറയ്ക്കുന്നു, മുൻകുട്ടി തീരുമാനിച്ചത് പോലെ അവ അമേരിക്കയിൽ എത്തിക്കുന്നു. അമേരിക്കക്കും കൊളംബിക്കും ഒരുപോലെ തലവേദനയായി മാറി പബ്ലോ. എത്രയും പെട്ടെന്ന് പബ്ലോയെ പിടികൂടുവാൻ വേണ്ടി ഇരു രാജ്യങ്ങളും സന്ധി സംഭാഷണങ്ങൾ ഏർപ്പെടുകയും, അന്വേഷണത്തിനായി പുതിയൊരു സംഘത്തെ തന്നെ രൂപീകരിക്കുന്നു. അന്വേഷണ സംഘത്തിന് നല്ല ബോധ്യമുണ്ടായിരുന്നു പബ്ലോയെ പിടികൂടുക എന്നത് അത്ര നിസ്സാര കാര്യമല്ല എന്ന്. കൊളംമ്പിയയിൽ ഉടനീളം ശക്തമായ വേരുകൾ പാബ്ലോക്ക് ഉണ്ടായിരുന്നു. അയാൾക്കായി ജീവിക്കാനും മരിക്കുവാനും നിരവധി മനുഷ്യർ തയ്യാറായിരുന്നു. പാബ്ലോയിലേക്ക് എത്തിച്ചേരുവാൻ വേണ്ടി അയാളുമായി ബന്ധമുള്ള പലരെയും പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇവരിൽ നിന്നും പ്രത്യേകിച്ച്യി പാബ്ലോയിലേക്ക് നയിക്കുന്ന യാതൊരു വിവരവും ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ല. പല രാജ്യങ്ങൾക്കും തലവേദനയായി മാറിയ വ്യക്തി, എന്നാൽ ഒരു ജനതയ്ക്ക് തന്നെ രാജാവായിരുന്നു. കൊളംമ്പിയിലെ പല പ്രദേശങ്ങളിലായി പാബ്ലോ തന്നാൽ കഴിയുന്ന രീതിയിൽ വികസനത്തിന്റെ വിത്തുകൾ പാകുന്നു. ലോകം കണ്ട ഏറ്റവും വലിയ ധനികനായ കുറ്റവാളി, അയാൾക്ക് ലഭിച്ചിരുന്ന ലാഭത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉപയോഗിച്ചു. കുറ്റകൃത്യത്തിന്റെ അധോലോകത്ത് നിന്ന് റോബിൻ ഹുഡ് എന്ന വിളിപ്പേര് പാബ്ലോ ലഭിച്ചു. എന്നാൽ ഈ സൽപ്രവർത്തികളെക്കാൾ എത്രയോ പതിന്മടങ്ങ് വലുതായിരുന്നു പാബ്ലോ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങൾ.

ഓരോ ദിവസങ്ങൾ കഴിയുംതോറും സമ്പത്തും അയാളുടെ കുറ്റകൃത്യങ്ങളുടെ പട്ടികയും വലുതായി കൊണ്ടിരുന്നു. അയാൾക്കെതിരെ തിരിയുന്ന, ശബ്ദിക്കുന്ന ഓരോ മനുഷ്യനെയും നേരിട്ടിരുന്നത് തോക്കു കൊണ്ടായിരുന്നു. നേരിട്ടും അല്ലാതെയും ഏകദേശം 60,000 മനുഷ്യരുടെ ജീവൻ പാബ്ലോ കവർന്നു എന്ന് പറയപ്പെടുന്നു. ഇവരിൽ പോലീസുകാരും പാബ്ലോക്കെതിരെ വിധി പറഞ്ഞ് ജഡ്ജിമാരും ഉൾപ്പെടുന്നു. കുറ്റകൃത്യങ്ങൾ ഒന്നിന് പിറകെ ഒന്നായി വർധിച്ചു കൊണ്ടേയിരുന്നു. അങ്ങനെ ജനത്തിന്റെ രക്ഷകൻ എന്ന് കൊളംബിയൻ ജനത കരുതിയിരുന്ന പാബ്ലോയെ പതിയെ പതിയെ അവർ വെറുക്കുവാൻ തുടങ്ങി.

കൊളംബിയയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായി മാറിയ പാബ്ലോ തന്നെ ഇതിന് ഒരു പോംവഴിയുമായി മുന്നോട്ടു വരുന്നു. കൊളംബിയൻ സർക്കാരുമായി എസ്കോബാർ ഒരു ധാരണയിലെത്തുന്നു. സ്വന്തമായി ഡിസൈൻ ചെയ്ത ജയിലിൽ തടവ് ജീവിതം നയിക്കാമെന്ന ആശയം പാബ്ലോ സർക്കാരിന് മുന്നിൽ വയ്ക്കുന്നു. കൊളംബിയൻ സർക്കാർ പാബ്ലോയുടെ ആവശ്യത്തിന് വഴങ്ങുന്നു. ലാ കാറ്റെഡ്രൽ എന്ന ആഡംബരം ജയിൽ. ആ ജയിലിനുള്ളിൽ അയാൾക്ക് വേണ്ടതെല്ലാം ഒരുക്കിയിരുന്നു. ജയിൽ വാസത്തിനിടയിലും അയാൾ നിരവധി കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയുന്നു, അവ നടപ്പിലാക്കുന്നു. ഏതാനും കൂട്ടാളികളെയും കൂടെ നിർത്തി, ഇവിടെയിരുന്ന് കൊണ്ട് തന്റെ ക്രിമിനൽ സാമ്രാജ്യത്തെ അയാൾ നിയന്ത്രിച്ചു.

പേരിന് മാത്രം ജയിൽ വാസം, കുറ്റകൃത്യങ്ങൾ പഴയപടി തന്നെ തുടർന്നു. ഇനിയും പാബ്ലൊയെ ജീവിക്കുവാൻ അനുവദിച്ചുകൂടാ എന്ന് മനസിലാക്കിയ അധികാരികൾ ഒടുവിൽ അയാളെ വധിക്കുവാൻ തന്നെ തീരുമാനിക്കുന്നു. ഇതിനായി ഒരു ദൗത്യസേനയെ രൂപീകരിക്കുന്നു. പൊടുന്നനെ ഒരു ദിവസം ലാ കാറ്റെഡ്രൽ ജയിൽ ദൗത്യസേന വളയുന്നു, അവരുടെ ലക്ഷ്യം പാബ്ലൊയായിരുന്നു. എന്നാൽ അയാൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഏകദേശം 19 മാസം നടത്തിയ നീണ്ട തിരച്ചിലിനൊടുവിൽ 1993, ഡിസംബർ 3 ന് യുഎസിന്റ സഹായത്തോടെ കൊളംബിയൻ പോലീസ് നടത്തിയ വെടിവെപ്പിൽ പാബ്ലോ എന്ന ശതകോടിശ്വരനായ കുറ്റവാളി കൊല്ലപ്പെടുന്നു.

അധോലോകത്തിനും അപ്പുറമായിരുന്നു പബ്ലോയുടെ സ്വാധീനം. പണമില്ലാത്തവനെ സഹായിച്ചു, വീടില്ലാത്തവനെ വീട് വെച്ച് കൊടുത്തു. അങ്ങനെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അയാൾ ഏർപ്പെടുന്നു. സ്വന്തം നിലയ്ക്ക് തന്നെ മൃഗശാലകളും പബ്ലോ നിർമ്മിക്കുന്നു. മയക്കുമരുന്നിന്റെ രാജാവിന് മൃഗങ്ങളോടും സ്നേഹമോ? ഹിപ്പോപൊട്ടാമസ്, ആനകൾ, ചീറ്റ, ഒട്ടകപക്ഷി എന്നിങ്ങനെ നിരവധിയായിരുന്നു പബ്ലോയുടെ മൃഗശാലയിലെ അന്തേവാസികൾ.

അധികാരത്തിന്റെയും സമ്പത്തിന്റെയും ലഹരിയുടെയും തണലിൽ സാമ്രാജ്യം കെട്ടിപ്പടുത്ത പബ്ലോ ഇന്നും അധോലോക ചരിത്രത്തിന്റെ ഒഴിവാക്കുവാൻ സാധിക്കാത്ത പേരുകളിൽ ഒന്നാണ്. പബ്ലോയുടെ മരണശേഷം അയാളുടെ സ്വത്തുക്കൾ എല്ലാം കൊളംബിയൻ സർക്കാരിന്റെ അധീനതയിലായി. പബ്ലോയുടെ മരണശേഷം അയാളുടെ സ്വത്തുക്കൾ തട്ടിയെടുക്കുവാൻ പലരും നിഗൂഡ നീക്കങ്ങൾ നടത്തിയിരുന്നു. സിനിമയെ വെല്ലുന്നതായിരുന്നു കുറ്റകൃത്യങ്ങളുടെ രാജാവിന്റെ ജീവിതം.

Summary: Pablo Escobar was a notorious Colombian drug lord who led the Medellín Cartel and dominated the global cocaine trade. His violent reign of terror caused thousands of casualties until he was shot and killed by authorities in 1993.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.