ക്വാലാലംപൂർ: മലേഷ്യയിൽ റോഹിങ്ക്യ മുസ്ലിം അഭയാർഥികൾക്കെതിരായ ഓൺലൈൻ വിദ്വേഷ പ്രചാരണം ശക്തമായതോടെ റോഹിങ്ക്യ കുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന നിരവധി സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോർട്ട്. സുരക്ഷാ ഭീഷണിയും അധികൃതരുടെ നടപടികളും കാരണം രാജ്യത്തുടനീളം കുറഞ്ഞത് ഒൻപത് സ്കൂളുകളെങ്കിലും പ്രവർത്തനം നിർത്തിയതായി അധ്യാപകരും മനുഷ്യാവകാശ പ്രവർത്തകരും വ്യക്തമാക്കി. (Rohingya schools closure)
12 വയസുകാരിയായ റോഹിങ്ക്യ വിദ്യാർഥിനിയായ നൂർ ജൂൺ മുതൽ സ്കൂളിൽ പോകുന്നത് നിർത്തിയിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്നതിനിടെ രണ്ട് പേർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതോടെയാണ് കുടുംബം ഈ തീരുമാനം എടുത്തത്. “ഞങ്ങളുടെ രാജ്യം കൈയടക്കാനാണോ സ്കൂളിൽ പോകുന്നത്?” എന്ന് ചോദിച്ചായിരുന്നു ഭീഷണിയെന്ന് നൂർ പറഞ്ഞു. പ്രതികാരഭീതി കാരണം കുടുംബത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
മലേഷ്യയിൽ ഏകദേശം 1.2 ലക്ഷം റോഹിങ്ക്യ അഭയാർഥികൾ യു.എൻ. അഭയാർഥി ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും രാജ്യം അവരെ ഔദ്യോഗികമായി അഭയാർഥികളായി അംഗീകരിക്കുന്നില്ല. നിയമപരമായി അവർ അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാത്ത റോഹിങ്ക്യ കുട്ടികൾ എൻജിഒകൾ നടത്തുന്ന സ്കൂളുകളെയും അനൗപചാരിക പഠനകേന്ദ്രങ്ങളെയുമാണ് ആശ്രയിക്കുന്നത്.
മെയ് മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ മെറ്റയുടെ ഫേസ്ബുക്ക്, ത്രെഡ്സ്, ഇൻസ്റ്റഗ്രാം, ബൈറ്റ്‌ഡാൻസിന്റെ ടിക്‌ടോക് എന്നിവയിൽ റോഹിങ്ക്യ സമൂഹത്തെ ലക്ഷ്യമിട്ട് വിദ്വേഷ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിച്ചു. ചില പോസ്റ്റുകളിൽ റോഹിങ്ക്യ കുട്ടികൾക്കെതിരെയും അക്രമം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. “റോഹിങ്ക്യരെ പുറത്താക്കുക” എന്ന ആവശ്യമുന്നയിച്ച ഓൺലൈൻ ഹർജിക്ക് അഞ്ച് ലക്ഷത്തോളം ഒപ്പുകൾ ലഭിച്ച ശേഷമാണ് അത് പിൻവലിക്കപ്പെട്ടത്.
മനുഷ്യാവകാശ സംഘടനയായ Article 19 യുടെ വിലയിരുത്തലിൽ, ഓൺലൈൻ വിദ്വേഷ പ്രചാരണം റോഹിങ്ക്യ സമൂഹത്തിനെതിരായ പരിശോധനകൾ, റെയ്ഡുകൾ, സ്കൂൾ അടച്ചുപൂട്ടലുകൾ എന്നിവ വർധിക്കാൻ ഇടയാക്കി. വിദ്വേഷം കുറയ്ക്കാൻ മനുഷ്യാവകാശ അധിഷ്ഠിത സമീപനങ്ങൾ സ്വീകരിക്കുന്നതിന് പകരം ശിക്ഷാത്മക നടപടികളാണ് അധികാരികൾ സ്വീകരിക്കുന്നതെന്നും സംഘടന ആരോപിച്ചു.
ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയും റോഹിങ്ക്യരെയും മറ്റ് അഭയാർഥികളെയും ലക്ഷ്യമിട്ട് വർധിച്ചുവരുന്ന ഓൺലൈൻ വിദ്വേഷ പ്രചാരണത്തിൽ ആശങ്ക രേഖപ്പെടുത്തി. അഭയാർഥികളുടെയും ആതിഥേയ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും യു.എൻ.എച്ച്.സി.ആർ അറിയിച്ചു.
സ്കൂളുകൾ അടച്ചുപൂട്ടുന്നത് കുട്ടികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് അധ്യാപകരും സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു. വിദ്യാഭ്യാസം നഷ്ടപ്പെടുന്നതോടെ ബാലവിവാഹം, ബാലവേല, തെരുവുകളിൽ ഭിക്ഷാടനം എന്നിവ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. ഇപ്പോഴും പ്രവർത്തിക്കുന്ന ചില സ്കൂളുകൾ വിദ്യാർഥികൾ യൂണിഫോം ധരിക്കരുതെന്ന നിർദേശവും ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതുമുൾപ്പെടെ പ്രത്യേക സുരക്ഷാ മുൻകരുതലുകളോടെയാണ് പ്രവർത്തിക്കുന്നത്.
അതേസമയം, മെറ്റയും ടിക്‌ടോക്കും വിദ്വേഷപരമായ ഉള്ളടക്കം നീക്കം ചെയ്യുന്നുണ്ടെങ്കിലും അത് പൂർണമായും ഫലപ്രദമല്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വിമർശനം. കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള ഉള്ളടക്ക നിരീക്ഷണ സംവിധാനങ്ങൾക്ക് പ്രാദേശിക ഭാഷകളിലെ സൂക്ഷ്മമായ വിദ്വേഷ പ്രയോഗങ്ങൾ കണ്ടെത്തുന്നതിൽ ഇപ്പോഴും പരിമിതികളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Summary: Several schools serving Rohingya refugee children in Malaysia have shut down following a surge in online hate speech and safety threats. Rights groups warn that prolonged school closures could expose refugee children to greater risks, including child labour, begging and early marriage.


