ബെയ്റൂട്ട്: ലബനൻ ഇനി ആരുടെയും യുദ്ധക്കളമോ ആരുടെയെങ്കിലും കയ്യിലെ പാവയോ ആകില്ലെന്ന് പ്രസിഡന്റ് ജോസഫ് ഔൺ (Lebanon President Joseph Aoun Speech). ഇസ്രായേലുമായുള്ള 10 ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലബനന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലബനൻ ആരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള പാവയല്ല. ഇനി ഒരിക്കലും രാജ്യം മറ്റുള്ളവരുടെ യുദ്ധവേദിയാകാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നിലവിലെ വെടിനിർത്തൽ ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ അവകാശങ്ങളും ഭൂമിയും സംരക്ഷിച്ചുകൊണ്ടുള്ള ശാശ്വതമായ കരാറുകളിലേക്ക് മാറാനാണ് ലബനൻ ലക്ഷ്യമിടുന്നത്. ഇത് ലബനന്റെ ദൗർബല്യമായോ വിട്ടുവീഴ്ചയായോ കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തലിന് മുൻകൈ എടുത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇസ്രായേൽ ആക്രമണം പൂർണ്ണമായും അവസാനിപ്പിക്കുക, ലബനൻ മണ്ണിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിപ്പിക്കുക, തടവുകാരെ മോചിപ്പിക്കുക, കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അന്തസ്സോടെ മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കുക എന്നിവയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മാർച്ച് 2-ന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ലബനനിൽ ഇതുവരെ 2,200-ലധികം പേർ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളാകുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും തെക്കൻ ലബനനിലെ പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
Summary: Lebanese President Joseph Aoun declared that Lebanon will no longer be an “arena for anyone’s wars” or a “pawn in anyone’s game.” Following the 10-day ceasefire with Israel, Aoun emphasized a transition toward permanent agreements to safeguard Lebanon’s sovereignty and land. He expressed gratitude to US President Donald Trump and Arab nations, particularly Saudi Arabia, for their mediation. Despite the truce, Israel continues to occupy southern Lebanon, but Aoun remains committed to securing a full Israeli withdrawal and ensuring the safe return of displaced citizens.

