ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് വെടിയുതിർത്ത സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി (Iran Firing Indian Ships Strait of Hormuz). ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും വിവാദമായ വെടിവെപ്പിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് ഇലാഹി ഇക്കാര്യം പറഞ്ഞത്. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നും, പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനം നിലനിൽക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് എണ്ണയും പ്രകൃതിവാതകവുമായി വന്ന 14 കപ്പലുകളുടെ വ്യൂഹത്തിന് നേരെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായത്. ഇതിൽ രണ്ട് കപ്പലുകൾക്ക് നേരെ ഗൺബോട്ടുകൾ മുന്നറിയിപ്പില്ലാതെ വെടിവെക്കുകയായിരുന്നു. ഇതിനെത്തുടർന്ന് 13 കപ്പലുകൾ പേർഷ്യൻ ഗൾഫിലെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചുപോയി.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (HPCL) വേണ്ടിയുള്ള എണ്ണയുമായെത്തിയ ഒരു ഇന്ത്യൻ കപ്പലിന് ആക്രമണത്തിനിടയിലും ഹോർമുസ് കടക്കാൻ സാധിച്ചു. മറ്റൊരു കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായെങ്കിലും വലിയ കേടുപാടുകൾ സംഭവിച്ചില്ല. ഈ കപ്പൽ വ്യൂഹത്തിലെ ഏഴ് കപ്പലുകളിലും ഇന്ത്യൻ പതാകയാണ് ഉണ്ടായിരുന്നത്. യുഎസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ സമുദ്രവ്യാപാര പാതകളിൽ ഇത്തരം പ്രകോപനങ്ങൾ ഉണ്ടാകുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
Summary: Iran’s supreme leader’s representative in India, Dr. Abdul Majid Hakim Elahi, stated that he was unaware of reports regarding the Iranian Revolutionary Guards firing at Indian-flagged vessels in the Strait of Hormuz. Emphasizing the strong ties between India and Iran, he noted that Iran seeks peace and hopes the situation will be resolved. Earlier reports indicated that two out of 14 vessels carrying crude oil and gas to India were targeted by Iranian gunboats, causing 13 ships to turn back, while one HPCL vessel managed to cross the strait.

