സെന്റ് പീറ്റേഴ്‌സ്ബർഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേലും ഇന്ത്യക്ക് മേലും സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നത് അന്താരാഷ്ട്ര ബന്ധങ്ങൾക്ക് ദോഷകരമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ (India Russia Bilateral Relations). റഷ്യയുമായുള്ള സഹകരണം കുറയ്ക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ നിർബന്ധിക്കുന്നത് വ്യർത്ഥമാണെന്നും അത് ആഗോള സുസ്ഥിരതയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സെന്റ് പീറ്റേഴ്‌സ്ബർഗിൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ പിടിഐ ഉൾപ്പെടെയുള്ള ആഗോള മാധ്യമത്തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റഷ്യ-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തത്തെ പുടിൻ പ്രശംസിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും സ്വതന്ത്രമായ വിദേശനയത്തെയും പ്രകീർത്തിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ വിപുലീകരിക്കാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സർക്കാർ നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമായാണ് രാജ്യം മികച്ച സാമ്പത്തിക വളർച്ച കൈവരിക്കുന്നതെന്ന് പിടിഐ ചീഫ് എഡിറ്റർ വിജയ് ജോഷിയുടെ ചോദ്യത്തിന് മറുപടിയായി പുടിൻ പറഞ്ഞു. വരുന്ന വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളർ എന്ന നാഴികക്കല്ല് പിന്നിടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വന്തം ദേശീയ താൽപ്പര്യങ്ങൾക്കാണ് ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം റഷ്യയുമായുള്ള ദീർഘകാല സുഹൃദ്ബന്ധത്തിന് യാതൊരുവിധ കോട്ടവും തട്ടിക്കുന്നില്ല. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി എല്ലാ രാജ്യങ്ങളുമായും ബന്ധം വികസിപ്പിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്. റഷ്യ ഇന്ത്യയെ എന്നും വിശ്വസ്ത പങ്കാളിയായാണ് കാണുന്നതെന്നും ഒരു വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം റഷ്യ കൂടുതൽ ശക്തമാക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
Summary: Russian President Vladimir Putin emphasized that putting pressure on Prime Minister Narendra Modi and India is detrimental to international relations. Speaking to global news agencies, including PTI, Putin hailed India’s impressive economic growth under PM Modi’s leadership and asserted that Western attempts to curb India-Russia ties are futile. He stated that India prioritizes its own national interests, and its growing alignment with the United States does not undermine its time-tested partnership with Russia. Putin expressed confidence that bilateral trade would soon reach USD 100 billion.

