ബ്രസൽസ്: അഭയാർത്ഥി വിഷയത്തിൽ താലിബാൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനായി യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു. യൂറോപ്പിൽ തുടരാൻ അർഹതയില്ലാത്ത അഫ്ഗാൻ പൗരന്മാരെ തിരിച്ചയക്കുന്നതിനെക്കുറിച്ചാണ് ബ്രസൽസിൽ നടക്കുന്ന ചർച്ചയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് (European Union Taliban Meeting). അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ഉന്നതതല കൂടിക്കാഴ്ച യൂറോപ്യൻ യൂണിയൻ സംഘടിപ്പിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുന്ന താലിബാൻ പ്രതിനിധികൾക്കായി ബെൽജിയം ഒരു ദിവസത്തെ സന്ദർശനാനുമതി (വിസ) നൽകിയിട്ടുണ്ട്.
ഈ കൂടിക്കാഴ്ച താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന്റെ ഭാഗമല്ലെന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ താമസിക്കാൻ അവകാശമില്ലാത്തവരും, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും, സുരക്ഷാ ഭീഷണിയുയർത്തുന്നവരുമായ അഫ്ഗാൻ പൗരന്മാരെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തേടുക എന്നതാണ് ഈ ചർച്ചയുടെ പ്രധാന ലക്ഷ്യം. 2013-നും 2024-നും ഇടയിൽ പത്തു ലക്ഷത്തോളം അഫ്ഗാൻ പൗരന്മാരാണ് യൂറോപ്യൻ യൂണിയനിൽ അഭയം തേടി അപേക്ഷ നൽകിയത്. 27 അംഗരാജ്യങ്ങളിൽ 20-ഓളം രാജ്യങ്ങളും ഇത്തരത്തിൽ ആളുകളെ തിരിച്ചയക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, മനുഷ്യാവകാശ സംഘടനകൾ ഈ തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും, മനുഷ്യാവകാശങ്ങൾക്കും സുരക്ഷയ്ക്കും മുൻഗണന നൽകുന്നതിന് പകരം ആളുകളെ അപകടകരമായ ഒരു രാജ്യത്തേക്ക് തിരിച്ചയക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരമൊരു നടപടി ക്രൂരമാണെന്ന് ആംനസ്റ്റി ഇന്റർനാഷണലും കുറ്റപ്പെടുത്തി. എന്നിരുന്നാലും, അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കേണ്ടത് യൂറോപ്പിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂണിയൻ ഈ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ്.
Summary: The European Union is holding a meeting with Taliban officials in Brussels to discuss the deportation of Afghan nationals who do not have the legal right to stay in EU countries. This marks the first such diplomatic engagement between the EU and the Taliban since the group regained power in Afghanistan in 2021.

